

ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരാൾക്കും ഒരിക്കലും ഒഴുവാക്കാൻ കഴിയാത്ത പേരാണ് ഗൂഗിൾ (Google). നമ്മളിൽ ഭൂരിഭാഗവും നേരിട്ടും അല്ലാതെയും ഗൂഗിൾ ഉപയോഗിക്കുന്നു. സർച്ച് എൻജിൻ മുതൽ എഐ സാങ്കേതികവിദ്യ വരെ നീളുന്ന ഗൂഗിളിന്റെ വ്യത്യസ്ത പ്ലാറ്റുഫോമുകളിലൂടെ ഗൂഗിൾ കോടികണക്കിന് മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. അങ്ങനെയുള്ള ഗൂഗിളിന് ഇന്ന് വളരെ പ്രധാനപ്പെട്ട ദിനമാണ്, ലോകോത്തര ടെക് ഭീമനായ ഗൂഗിളിന്റെ ജന്മദിനമാണ് ഇന്ന്. ഗൂഗിൾ ഇന്ന് തങ്ങളുടെ 27-ാം ജന്മദിനം ആഘോഷിക്കുകയാണ്. (Google Turns 27)
ഈ വിശേഷ ദിനത്തിൽ ഗൂഗിൾ തങ്ങളുടെ വെബ്സൈറ്റിൽ ശ്രദ്ധേയമായ ഒരു മാറ്റം വരുത്തിയിരിക്കുകയാണ്. മറ്റു വിശേഷ ദിവസങ്ങൾ വരുമ്പോൾ ഗൂഗിളിൽ നൽകിയിരിക്കുന്ന ഡൂഡിലുകളിലെ മാറ്റങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകാം. അത്തരത്തിൽ നിന്ന് ഗൂഗിൾ ആദ്യകാലത്തെ പഴയ ഫോണ്ടിലുള്ള ഗൂഗിൾ ഡൂഡിൽ ഹോംപേജിൽ തിരികെ കൊണ്ടുവന്നിരിക്കുകയാണ്. "വർഷങ്ങളായി ഞങ്ങളോടൊപ്പം തിരഞ്ഞതിന് നന്ദി" - എന്ന സന്ദേശവും ഗൂഗിൾ ഡൂഡിലിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള എല്ലാ വിവരങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന ഈ ടെക് ഭീമന്റെ ജനനം ഒരു ഗവേഷണ പദ്ധതിയായിരുന്നു. 1996 ജനുവരിയിൽ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥികളായിരുന്ന ലാറി പേജും സെർജി ബ്രിനും ചേർന്നാണ് ഗൂഗിളിന് തുടക്കം കുറിച്ചത്. പ്രോഗ്രാമറായ സ്‌കോട്ട് ഹസ്സനായിരുന്നു ആദ്യത്തെ ഗൂഗിൾ സെർച്ച് എഞ്ചിൻ വികസിപ്പിക്കാൻ ഇവരെ സഹായിച്ചത്. എന്നാൽ 1998 ൽ ഒരു കമ്പനി എന്നനിലയിൽ ഗൂഗിൾ വളരുന്നതിന് മുൻപ് തന്നെ സ്‌കോട്ട് സ്ഥാപനം വിട്ടു. ഇന്ന്, ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ് എന്ന മാതൃ കമ്പനിയുടെ കീഴിൽ ഗൂഗിൾ വിവരസാങ്കേതികവിദ്യ, ഓൺലൈൻ പരസ്യം, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇ-കൊമേഴ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കത്തിൽ ജനിച്ചവർക്കും 2k കിഡ്‌സിനും ഗൂഗിൾ അവരുടെ വളർച്ചയുടെ ഭാഗമായിരുന്നു . ഒരു പഠന സംരംഭമായി ആരംഭിച്ച ഗൂഗിൾ ഇന്ന് സാദാരണക്കാരന്റെ ജീവിതത്തിൽ പോലും ഒഴുവാക്കാൻ കഴിയാത്ത ഘടകമായി മാറിക്കഴിഞ്ഞു. 2005 വരെ സെപ്റ്റംബർ 7 ആയിരുന്നു ഗൂഗിൾ ജന്മദിനം ആഘോഷിച്ചിരുന്നത്. ഒരു കോര്‍പ്പറേറ്റ് കമ്പനിയായി ഗൂഗിൾ രൂപപ്പെട്ടതിനെ അടിസ്ഥാനമാക്കിയാണ് ഈ ദിനം ആഘോഷിച്ചിരുന്നത്. എന്നാൽ 1998 സെപ്റ്റംബർ 4-നാണ് കമ്പനി കോർപ്പറേറ്റ് രൂപീകരണത്തിനുള്ള രേഖകൾ സമർപ്പിക്കുന്നത്. എന്നാൽ ഈ ഈ തീയതികളിലെ ആശയക്കുഴപ്പങ്ങൾക്കെല്ലാം വിരാമം കുറിച്ച് കൊണ്ട് സെപ്റ്റംബർ 27 തന്നെയാണ് ഗൂഗിൾ അവരുടെ ഔദ്യോഗിക ജന്മദിനമായി ആഘോഷിച്ചു വരുന്നത്.