

സിംഗപ്പൂർ: ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ബലം പ്രയോഗിക്കില്ലെന്നും യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തില്ലെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോള വിപണികളിൽ വലിയ ചലനമുണ്ടാക്കി. യുദ്ധഭീതിയും വ്യാപാര യുദ്ധത്തിനുള്ള സാധ്യതയും ഒഴിഞ്ഞതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് തിരിഞ്ഞ നിക്ഷേപകർ പിൻവാങ്ങി. ഇതോടെ സ്വർണവിലയിൽ ഇടിവുണ്ടാവുകയും ഓഹരി വിപണികൾ ശക്തമായി തിരിച്ചുകയറുകയും ചെയ്തു. (Gold Price Drop)
വാൾസ്ട്രീറ്റിലെ പ്രധാന സൂചികയായ എസ് ആൻഡ് പി 500 (S&P 500) കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടമായ 1.16% രേഖപ്പെടുത്തി. ഏഷ്യൻ വിപണികളിലും ഈ ആവേശം ദൃശ്യമായി. ദക്ഷിണ കൊറിയൻ സൂചികയായ കോസ്പി (Kospi) ചരിത്രത്തിലാദ്യമായി 5,000 പോയിന്റ് എന്ന നാഴികക്കല്ല് പിന്നിട്ടു. ജപ്പാൻ, ഓസ്‌ട്രേലിയ വിപണികളും ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. അതേസമയം, റെക്കോർഡ് ഉയരത്തിലായിരുന്ന സ്വർണവിലയിൽ ഔൺസിന് ഏകദേശം 100 ഡോളറിന്റെ കുറവുണ്ടായി. നിലവിൽ സ്വർണം ഔൺസിന് 4,790 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഗ്രീൻലാൻഡ് വിഷയത്തിൽ നാറ്റോയുമായി ചേർന്ന് ഒരു പുതിയ കരാർ രൂപരേഖയ്ക്ക് ധാരണയായതായി ട്രംപ് അറിയിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് നടപ്പിലാക്കാനിരുന്ന തീരുവകൾ ഇതോടെ റദ്ദാക്കി. ട്രംപിന്റെ പെട്ടെന്നുള്ള ഈ നിലപാട് മാറ്റത്തെ വിപണി വൃത്തങ്ങൾ 'ടാക്കോ' (TACO - Trump Always Chickens Out) എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കൻ ഡോളർ കരുത്താർജ്ജിച്ചതോടെ യൂറോയുടെ മൂല്യം താഴോട്ട് പോയി. വിപണിയിലെ ആശങ്ക കുറഞ്ഞതോടെ നിക്ഷേപകർ ഓഹരികളിലും മറ്റ് റിസ്ക് കൂടിയ ആസ്തികളിലും കൂടുതൽ താല്പര്യം കാണിച്ചു തുടങ്ങി.
Global financial markets saw a significant shift as gold prices dipped and stocks rallied following U.S. President Donald Trump’s decision to drop tariff threats and rule out using force over Greenland. The S&P 500 posted its biggest one-day gain in two months, while South Korea's Kospi hit a historic 5,000-point milestone for the first time. Gold retreated by about $100 from its record highs as the U.S. dollar strengthened and investor appetite for riskier assets returned amid easing geopolitical tensions.