

ലണ്ടൻ: ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാര താരിഫ് ഭീഷണി ആഗോള വിപണികളിൽ വലിയ ആശങ്ക പരത്തിയിരിക്കുകയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ കൂട്ടത്തോടെ സ്വർണ്ണത്തിലേക്കും വെള്ളത്തിലേക്കും തിരിഞ്ഞതോടെ ഇവയുടെ വില സർവ്വകാല റെക്കോർഡിലെത്തി (Gold Price). തിങ്കളാഴ്ച രാവിലെ സ്വർണ്ണവില ഔൺസിന് 4,689 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചുയർന്നു. അന്താരാഷ്ട്ര വിപണിയിലെ ഈ ചലനങ്ങൾ സ്വർണ്ണവിലയിൽ 1.6 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
സ്വർണ്ണത്തോടൊപ്പം വെള്ളിയുടെ വിലയും ചരിത്രത്തിലാദ്യമായി ഔൺസിന് 94.08 ഡോളർ എന്ന നിലവാരത്തിലെത്തി. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യൂറോപ്യൻ ഓഹരി വിപണികളിലും വലിയ ഇടിവുണ്ടായി. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന ഓഹരി സൂചികകൾ ഒരു ശതമാനത്തിലധികം താഴ്ന്നാണ് വ്യാപാരം ആരംഭിച്ചത്. ഫോക്‌സ്‌വാഗൺ, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ പ്രമുഖ വാഹന നിർമ്മാണ കമ്പനികളുടെ ഓഹരി വില 4 ശതമാനം വരെ ഇടിഞ്ഞത് വിപണിയെ കൂടുതൽ തളർത്തി. അമേരിക്ക ഏർപ്പെടുത്തുന്ന താരിഫ് ഈ കമ്പനികളുടെ കയറ്റുമതിയെ സാരമായി ബാധിക്കുമെന്ന ഭീതിയാണ് ഇതിന് പിന്നിൽ.
കഴിഞ്ഞ ശനിയാഴ്ചയാണ് ഡെന്മാർക്ക് ഉൾപ്പെടെയുള്ള എട്ട് നാറ്റോ സഖ്യകക്ഷികൾക്ക് മേൽ 10 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. ഗ്രീൻലാൻഡ് വിൽക്കാൻ തയ്യാറായില്ലെങ്കിൽ ജൂൺ ഒന്നോടെ ഇത് 25 ശതമാനമായി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രഖ്യാപനം ഡോളറിന്റെ മൂല്യത്തെയും ബാധിച്ചു. സ്വിസ് ഫ്രാങ്കിനെതിരെ ഡോളർ 4 ശതമാനം ഇടിഞ്ഞു. നിലവിൽ ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ സ്വീകരിക്കാനിരിക്കുന്ന തിരിച്ചടി നടപടികളിലേക്കാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.
Gold and silver prices reached historic highs as global markets reacted to President Donald Trump's threat of aggressive tariffs on NATO allies over the Greenland purchase dispute. While gold surged to nearly $4,700 per ounce, European stock markets and major carmakers saw significant declines due to fears of a looming trade war. Investors are shifting to safe-haven assets as the diplomatic standoff between the U.S. and Europe escalates, impacting the dollar and global equity futures.