ഡൽഹി : ഗാസയിൽ യുദ്ധം അവസാനിച്ചു. യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണു കരാർ സാധ്യമായത്. കരാർ ഒപ്പുവയ്ക്കാനുള്ള രാജ്യാന്തര ഉച്ചകോടിയിൽ പങ്കെടുക്കാന്‍ ട്രംപിനെ കൂടാതെ വിവിധ ലോക നേതാക്കൾ ഈജിപ്തിലെത്തിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പങ്കെടുത്തില്ല.
വൈറ്റ് ഹൗസിൽ ഇസ്രായേലിന് ഇതുവരെ ഉണ്ടായിരുന്നതിൽ വച്ച് ഏറ്റവും വലിയ സുഹൃത്ത് എന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിനെ പ്രശംസിച്ചത്. ഗസ്സയെ പുനർനിർമ്മിക്കുന്നതിൽ താൻ മുഖ്യ പങ്കാളിയാകുമെന്നും ഡോണൾഡ് ട്രംപ് ഇസ്രയേൽ പാർലമെന്റിൽ പറഞ്ഞു.ഹമാസ് തടവിൽ ജിവനോടെ ഉണ്ടായിരുന്ന മുഴുവൻ ബന്ദികളും തിരികെയെത്തി. 20 പേരെ ഇന്ന് ഹമാസ് കൈമാറി. ഇസ്രയേൽ മോചിപ്പിച്ച 1700ലധികം പലസ്തീനി തടവുകാരുടെ കൈമാറ്റം തുടരുകയാണ്.
ഗാസയിലെ സമാധാന നീക്കം ചർച്ച ചെയ്യാൻ അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തുന്ന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ആണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച പ്രസിഡൻറ് ഡോണൾഡ് ട്രംപും ഈജിപ്ത് പ്രസിഡൻറ് അബ്ദെൽ ഫത്ത അൽസിസിയും ഉച്ചകോടിക്ക് ക്ഷണം നല്കിയിരുന്നു. എന്നാൽ പാാകിസ്ഥാനും ക്ഷണം നല്കിയ സാഹചര്യത്തിലാണ് നരേന്ദ്ര മോദി പങ്കെടുക്കേണ്ട എന്ന് നിശ്ചയിച്ചതെന്നാണ് സൂചന. ട്രംപിനെയും ബഞ്ചമിൻ നെതന്യാഹുവിനെയും ടെലിഫോണിൽ വിളിച്ച് നരേന്ദ്ര മോദി ഗാസ സമാധാന നീക്കത്തിൽ ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിച്ചിരുന്നു.
2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഏതാണ്ട് 1200 പേരാണു കൊല്ലപ്പെട്ടത്. 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 67,160 പലസ്തീൻകാർ കൊല്ലപ്പെട്ടു.