ലണ്ടൻ : ഗാന്ധിജയന്തി ആഘോഷങ്ങൾ അടുത്തിരിക്കേ ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ വികൃതമാക്കിയ നിലയിൽ. ഗാന്ധിയുടെ പ്രതിമയുടെ കീഴിലാണ് ഇന്ത്യ വിരുദ്ധ ഗ്രാഫിറ്റി എഴുത്തുകള്‍ കണ്ടെത്തിയത്. സംഭവത്തെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ശക്തമായി അപലപിച്ചു. ലജജാകരമായ പ്രവൃത്തിയും അഹിംസയുടെ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണവുമാണെന്ന് ഹൈക്കമ്മീഷൻ പ്രതികരിച്ചു.
ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറിലുള്ള മഹാത്മഗാന്ധിയുടെ പ്രതിമയെ വികൃതമാക്കിയ സംഭവം അങ്ങേയറ്റം സങ്കടകരമാണ്. സംഭവത്തെ ലണ്ടനിലെ ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യ അപലപിക്കുന്നു. ഇത് വെറുമൊരു വികൃതമാക്കല്‍ മാത്രമല്ല, അഹിംസയ്ക്കുനേരെയുള്ള, മഹാത്മഗാന്ധിയുടെ പൈതൃകത്തിനുനേരെയുള്ള അക്രമമാണ്. സംഭവത്തിനുപിന്നാലെ പ്രാദേശികഭരണക്കൂടവുമായി കര്‍ശന നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക അധികൃതരുമായി ചേര്‍ന്ന് ഗാന്ധിയുടെ പ്രതിമയെ പഴയ പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തിവരികയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എക്‌സില്‍ കുറിച്ചു.
പ്രതിമ വികൃതമാക്കിയ സംഭവം ഹൈക്കമ്മീഷൻ ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. പ്രതിമ പഴയ രീതിയിലാക്കാൻ നടപടികൾ സ്വീകരിച്ചതായും ഹൈക്കമ്മീഷൻ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.1968 ലാണ് ടാവിസ്റ്റോക്ക് സ്ക്വയറിൽ പ്രതിമ അനാച്ഛാദനം ചെയ്തത്. ലണ്ടനിൽ നിയമ വിദ്യാർത്ഥിയായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായാണ് പ്രതിമ സ്ഥാപിച്ചത്.