കൊളംബോ: പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടതോടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ധന ഉപഭോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചിൽ നിന്ന് നാലായി കുറച്ചു. എല്ലാ ബുധനാഴ്ചകളിലും രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു.(Fuel crisis, Only 4 working days a week in Sri Lanka)
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. പുതിയ ഉത്തരവ് സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും ബാധകമാണ്. പ്രവൃത്തിദിനങ്ങൾ കുറയ്ക്കുന്ന രീതി പിന്തുടരാൻ സ്വകാര്യ സ്ഥാപനങ്ങളോടും സർക്കാർ ആവശ്യപ്പെട്ടു.
സാധ്യമായ മേഖലകളിലെല്ലാം സർക്കാർ ഉദ്യോഗസ്ഥർ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇന്ധന ലാഭത്തിനായി സർക്കാർ തലത്തിലുള്ള എല്ലാ പൊതു പരിപാടികളും താൽക്കാലികമായി നിർത്തിവെച്ചു. ശ്രീലങ്ക പൂർണ്ണമായും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമായതിനാൽ ഞായറാഴ്ച മുതൽ ഇന്ധന വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആഴ്ചയിൽ പരമാവധി 15 ലിറ്റർ പെട്രോൾ അല്ലെങ്കിൽ ഡീസൽ മാത്രമേ ലഭിക്കൂ. ബസ്സുകൾക്കും മറ്റ് പൊതുഗതാഗത വാഹനങ്ങൾക്കും ആഴ്ചയിൽ 200 ലിറ്റർ വരെ ഇന്ധനം അനുവദിക്കും. പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും ആശുപത്രികൾ, തുറമുഖങ്ങൾ, മറ്റ് അത്യാഹിത വിഭാഗങ്ങൾ എന്നിവ തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് അവശ്യസേവന കമ്മിഷണർ ജനറൽ പ്രഭാത് ചന്ദ്രകീർത്തി അറിയിച്ചു.

