ധാക്ക: ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) ചെയർപേഴ്‌സണുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്തരിച്ചത്. ലിവർ സിറോസിസ്, ആർത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങി ദീർഘകാലമായി നേരിട്ടിരുന്ന സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണം.(Former Bangladesh PM And BNP Chief Khaleda Zia passes away)
ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ഖാലിദ സിയ. മൂന്ന് തവണ അവർ രാജ്യത്തിന്റെ ഭരണസാരഥ്യം വഹിച്ചു. 1991 - 1996 കാലഘട്ടത്തിൽ ആദ്യമായി അധികാരത്തിൽ വന്നു. 1996ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി പൂർത്തിയാക്കാനായില്ല. 2001 - 2006 കാലഘട്ടത്തിൽ മൂന്നാം തവണ പ്രധാനമന്ത്രി പദത്തിൽ എത്തി.
ബംഗ്ലാദേശ് മുൻ പ്രസിഡന്റും സൈനിക തലവനുമായിരുന്ന സിയാഉർ റഹ്മാന്റെ ഭാര്യയായിരുന്നു ഖാലിദ. 1981-ൽ സിയാഉർ റഹ്മാൻ വധിക്കപ്പെട്ടതോടെയാണ് അവർ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. രാജ്യത്തെ പട്ടാള ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ അവർ നിർണ്ണായക പങ്ക് വഹിച്ചു.
2018-ൽ അഴിമതിക്കേസുകളിൽ പ്രതിചേർക്കപ്പെട്ട് അവർ തടവിലായി. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ ശിക്ഷ മരവിപ്പിച്ച് വീട്ടുതടങ്കലിലാക്കി. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ വീണതോടെയാണ് ഖാലിദ സിയ പൂർണ്ണമായും ജയിൽ മോചിതയായത്. തുടർന്ന് 2025-ൽ ബംഗ്ലാദേശ് സുപ്രീം കോടതി അവരെ എല്ലാ അഴിമതിക്കേസുകളിൽ നിന്നും കുറ്റവിമുക്തയാക്കിയിരുന്നു. ബംഗ്ലാദേശിലെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗത്തിനാണ് ഖാലിദ സിയയുടെ വിയോഗത്തോടെ അന്ത്യമാകുന്നത്.