
ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലും പരിസര നഗരങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം നിരവധി വീടുകളെ വിഴുങ്ങി.
വെള്ളപ്പൊക്കം മൂലം ആയിരക്കണക്കിന് ആളുകൾ വീടുകൾ ഒഴിഞ്ഞുപോകാൻ നിർബന്ധിതരായി. പശ്ചിമ ജാവ പ്രവിശ്യയിലെ 24 നഗരങ്ങളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചതായാണ് റിപ്പോർട്ട്.
സുഗഭൂമി ജില്ലയിൽ കനത്ത മഴയിൽ സ്കൂളുകളും വീടുകളും തകർന്നു. ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ മധ്യ ജാവ പ്രവിശ്യയിലുണ്ടായ കനത്ത മഴയിൽ 25 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.