
ന്യൂ മെക്‌സിക്കോ: ന്യൂ മെക്സിക്കോയിൽ ചൊവ്വാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിൽ റുയിഡോസോ പർവതഗ്രാമത്തിൽ നിന്ന് അച്ഛനെയും രണ്ട് മക്കളെയും കാണാതായി. ഒരു വീട് വെള്ളത്തിനടിയിലേക്ക് ഒഴുകിപ്പോയി.
കനത്ത മഴയെത്തുടർന്ന് റിയോ റുയിഡോസോയിലെ ജലനിരപ്പ് ഒരു മണിക്കൂറിനുള്ളിൽ 20.24 അടിയായി ഉയർന്നതായി നാഷണൽ വെതർ സർവീസ് അറിയിച്ചു. പുലര്‍ച്ചെയാണ് അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായത്. മറ്റിടങ്ങളിൽ രണ്ട് മുതിര്‍ന്ന കുട്ടികളും ഒരു പ്രായമായ സ്ത്രീയും കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പല പ്രദേശങ്ങളിലും ഒന്നര മുതല്‍ 3 ഇഞ്ചുവരെ മഴപെയ്യുന്നതായി കാലാവസ്ഥാ നിലയം അറിയിച്ചു. ഒരു മണിക്കൂറിനുള്ളില്‍ 15 അടി വരെ വെള്ളം ഉയര്‍ന്നുവെന്നാണ് വിവരം. പലയിടത്തും വീടുകള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്.
മരണമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില തൃപ്തികരമാണെന്ന് റുയിഡോസോയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കെറി ഗ്ലാഡൻ പറഞ്ഞു.
അതിനിടെ, ടെക്സസിലുണ്ടായ വെള്ളപ്പൊക്കത്തിൽ 110 പേർ മരണപ്പെടുകയും 173 പേരെ കാണാതാവുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് ന്യൂ മെക്സിക്കോയിലെ ദുരന്തം.