

നമ്മളിൽ പലരുടെയും ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് പിസ്സ. സാധാരണയായി ഏതൊരു പിസ്സ ഡെലിവറി കമ്പനിയും 30 മിനിറ്റിനുള്ളിൽ ഉപഭോക്താക്കളുടെ അടുത്തേക്ക് പിസ്സ എത്തിക്കാൻ ശ്രമിക്കുമ്പോൾ, ഒരു കമ്പനി ആ വെല്ലുവിളിയെ മറ്റൊരു തലത്തിലേക്ക് തന്നെ കൊണ്ട് പോയി. 2001, പിസ്സ ഹട്ട് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള, ഏറ്റവും ചിലവേറിയ ഒരു പിസ്സ ഡെലിവറി നടത്തുകയുണ്ടായി. ഭൂമിയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയായി, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാണ് പിസ്സ ഹട്ട് തങ്ങളുടെ ഡെലിവറി നടത്തുന്നത്. ഭൂമിയിൽ നിന്ന് 240 മൈൽ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പിസ്സ എത്തിക്കുക്ക എന്ന് കേൾക്കുമ്പോൾ ആശ്ചര്യം തോന്നിയേക്കാം. ഈ ചരിത്ര ദൗത്യത്തിന് പിന്നിൽ രസകരമായൊരു കഥയുണ്ട്. (First Pizza in Space)
ഈ ബഹിരാകാശ ദൗത്യം വെറും ഭക്ഷണ വിതരണം മാത്രമായിരുന്നില്ല, അതൊരു വലിയ മാർക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായിരുന്നു. അഞ്ച് വർഷം നീണ്ടുനിന്ന പിസ്സ ഹട്ടിന്റെ 500 മില്യൺ ഡോളറിന്റെ ആഗോള ബ്രാൻഡിംഗ് കാമ്പെയ്‌നിന്റെ ഭാഗമായിരുന്നു ഈ വിതരണം. ഈ പ്രമോഷണൽ പരിപാടിക്കായി പിസ്സ ഹട്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസിന് ഏകദേശം 1 മില്യൺ ഡോളർ (80 ദശലക്ഷത്തിലധികം ഇന്ത്യൻ രൂപ) നൽകി. ബഹിരാകാശത്തേക്ക് ഭക്ഷണം അയച്ച ആദ്യത്തെ കമ്പനി എന്ന ഖ്യാതി സ്വന്തമാക്കുക, അതിലൂടെ ആഗോള ശ്രദ്ധ പിടിച്ചു പറ്റുകയും ബ്രാൻഡിന് പുതിയതും ആധുനികവുമായ ഇമേജ് തന്നെ ആഗോളതലത്തിൽ സൃഷ്ടിച്ചെടുക്കുക, ഇതായിരുന്നു ഈ ദൗത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. ഈ ഡെലിവറിക്ക് ഒരു വർഷം മുമ്പ്, 2000-ൽ, റഷ്യയുടെ പ്രോട്ടോൺ റോക്കറ്റിൽ 30 അടി നീളമുള്ള ലോഗോ സ്ഥാപിച്ചുകൊണ്ട്, ബഹിരാകാശവുമായി ബന്ധപ്പെട്ട് പരസ്യം ചെയ്യുന്ന ആദ്യത്തെ വാണിജ്യ കമ്പനിയായി പിസ്സ ഹട്ട് മാറിയിരുന്നു. അതിന് പിന്നാലെയാണ് ഈ വിചിത്ര ദൗത്യവുമായി മുന്നോട്ട് വരുന്നത്.
സാധാരണ പിസ്സയ്ക്ക് ബഹിരാകാശത്തെ കഠിനമായ സാഹചര്യങ്ങൾ അതിജീവിക്കാൻ സാധിക്കുകയില്ല. ബഹിരാകാശ നിലയത്തിലെ യാത്രക്കാർക്ക് സുരക്ഷിതമായും രുചികരമായും കഴിക്കാൻ കഴിയുന്ന ഒരു പിസ്സ ഉണ്ടാകുന്നതിനായി പിസ്സ ഹട്ട് മാസങ്ങളോളം റഷ്യൻ ശാസ്ത്രജ്ഞരുമായി സഹകരിച്ചു പ്രവർത്തിച്ചു. ഇതിനായി, സാധാരണയായി പിസ്സയിൽ ഉപയോഗിക്കുന്ന പേപ്പറോണിക്ക് പകരം കൂടുതൽ നാളുകൾ കേടുകൂടാതെ, ബഹിരാകാശത്തെ കഠിനമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയുന്ന സലാമിയാണ് പിസ്സ ടോപ്പിംഗായി ഉപയോഗിച്ചത്.
ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാത്ത കൊണ്ട് തന്നെ യാത്രികരുടെ രുചി മുകുളങ്ങൾ മന്ദീഭവിക്കാനിടയുണ്ട്. അങ്ങനെയുള്ളപ്പോൾ ഭക്ഷണത്തിന്റെ രുചി അറിയണമെന്നില്ല. ഈ പ്രശനം പരിഹരിക്കാനായി പിസ്സയിൽ സാധാരണ അളവിൽ കൂടുതലായി ഉപ്പും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തു. ബഹിരാകാശ നിലയത്തിൽ ഉണ്ടായിരുന്ന ചെറിയ ഓവനിൽ ചൂടാക്കാൻ സൗകര്യപ്രദമായ രീതിയിൽ പിസ്സയുടെ വ്യാസം ആറ് ഇഞ്ചായി ഒരുക്കിയിരുന്നു. പൂർണ്ണമായും വാക്വം സീൽ ചെയ്താണ് പിസ്സ ബഹിരാകാശത്തേക്ക് അയച്ചത്.
പ്രത്യേകം തയ്യാറാക്കിയ പിസ്സ റഷ്യൻ റീസപ്ലൈ റോക്കറ്റ് വഴിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചത്. 2001 മെയ് മാസത്തിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യൻ കോസ്‌മോനട്ട് കമാൻഡർ യൂറി ഉസാച്ചോവ് (Yuri Usachov) ആണ് പിസ്സയുടെ ഒരു കഷണം ആദ്യം കഴിക്കുന്നത്. ബഹിരാകാശ നിലയത്തിലെ മൈക്രോഗ്രാവിറ്റിയിൽ ഒഴുകി നടക്കുന്ന പിസ്സ കഷ്ണങ്ങൾ കൈകൊണ്ട് പിടിച്ച് അദ്ദേഹം കഴിക്കുന്ന ദൃശ്യങ്ങ പിസ്സ ഹട്ട് പുറത്തുവിട്ടിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് ഒരു സാധാരണ ഫാസ്റ്റ്ഫുഡ് ശൃംഖല വിതരണം ചെയ്യുന്നതിലൂടെ പിസ്സ ഹട്ട് അതിന്റെ പരസ്യ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്ന് എഴുതി.
Summary: In 2001, Pizza Hut made history by delivering the first pizza to space. A specially prepared 6-inch vacuum-sealed salami pizza was sent aboard a Russian rocket to the International Space Station and eaten by cosmonaut Yuri Usachov.