ജക്കാർത്ത : ഇൻഡൊനീഷ്യയിൽ ഏഴുനില കെട്ടിടത്തിന് തീപ്പിടിച്ച് 20 പേർക്ക് ദാരുണാന്ത്യം. ജക്കാർത്തയിൽ സ്വകാര്യ കമ്പനി പ്രവർത്തച്ചിരുന്ന ഏഴുനില കെട്ടിടത്തിനാണ് തീപ്പിടിച്ചത്. അഞ്ച് പുരുഷന്മാരും 15 സ്ത്രീകളുമാണ് അപകടത്തിൽപ്പെട്ടത്.
ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീ അണച്ചെങ്കിലും നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ഉച്ചഭക്ഷണ സമയത്തായിരുന്നു തീപ്പിടിത്തമുണ്ടായത്. ചിലർ കെട്ടിടത്തിനകത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ചിലർ പുറത്തു പോയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. മരിച്ചവരിൽ ഭൂരിഭാഗം ആളുകളും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് നിഗമനം. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.