

74-ാമത് വിശ്വസുന്ദരി പട്ടം സ്വന്തമാക്കി മെക്സിക്കോയിലെ ഫാത്തിമ ബോഷ്. 100ലധികം മത്സരാർഥികളെ പിന്തള്ളിയാണ് ഫാത്തിമ ഒന്നാം സ്ഥാനത്തെത്തിയത്. തായിലന്റിലെ പ്രവീണർ സിങ്ങാണ് റണ്ണർ അപ്പ്. കഴിഞ്ഞ വർഷത്തെ മിസ്സ് യൂനിവേഴ്സായ ഡെൻമാർക്കിലെ വിക്ടോറിയ കെജെർ തെയിൽവി വിജയിയെ കിരീടമണിയിച്ചു. 2020ലെ ആൻഡ്രിയ മേസക്ക് ശേഷം ഇപ്പോഴാണ് മെക്സിക്കോ കിരീടം ചൂടുന്നത്.
മെക്സിക്കോയിലെ ടബാസ്കോയിൽ നിന്നുള്ള ഫാത്തിമ ബോഷ് ഫെർണാണ്ടസ് ഡിസ്ലെക്സിയ, എ.ഡി.എച്ച്.ഡി, ഹൈപ്പർ ആക്ടിവിറ്റി എന്നിവയോട് പൊരുതിയാണ് വിശ്വസുന്ദരി വേദിയിലെത്തിയത്. മെക്സിക്കോ സിറ്റിയിൽ നിന്ന് ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈനിൽ ബിരുദം നേടിയ ഫാത്തിമ ബോഷ് ഇറ്റലിയിലെ നുവോവ അക്കാദമിയിൽ പഠനം തുടർന്നു. ഫാഷനിൽ അഭിനിവേശമുള്ള ഫാത്തിമ ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളിലൂടെ തന്റെ കലാപരമായ കഴിവുകൾ ഉപയോഗിച്ച് ഡിസൈനുകൾ ഉണ്ടാക്കുകയാണ്.
2025ൽ ഒരു സ്ത്രീ എന്ന നിലയിൽ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്നും വിശ്വസുന്ദരി പട്ടമുപയോഗിച്ച് ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമൊരുക്കാൻ എന്തൊക്കെ ചെയ്യുമെന്നുള്ള ചോദ്യത്തിന്, "മാറ്റങ്ങൾ വരുത്താനാണ് ഞങ്ങൾ ഇന്ന് ഇവിടെ വന്നിരിക്കുന്നത്. സ്ത്രീകൾ ദുർബലരല്ല മറിച്ച്, ചരിത്രം സൃഷ്ടിക്കാൻ കഴിവുള്ളവരാണ്" എന്നാണ് ഫാത്തിമ ഉത്തരം നൽകിയത്.
പെൺകുട്ടികളെ ശാക്തീകരിക്കാൻ തന്റെ പദവി എങ്ങനെ ഉപയോഗിക്കുമെന്നുള്ള അവസാന ചോദ്യത്തിന്, "സ്വയം വിശ്വസിക്കാനും സ്വന്തം ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും പ്രാധാന്യം നൽകാനും പെൺകുട്ടികർക്ക് കഴിയണം" എന്നാണ് ഫാത്തിമ പറഞ്ഞത്. നമുക്ക് വില കൽപിക്കുന്നത് മറ്റാരുമല്ല. നമ്മൾ തന്നെയാണെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.
ഫൈനലിന് മുമ്പ് ഫാത്തിമ ബോഷിനോട് മിസ് യൂനിവേഴ്‌സ് ഡയറക്ടർ നവത് ഇറ്റ്‌സരാഗ്രിസിൽ ആക്രോശിക്കുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് മത്സരത്തിൽ നവതിന്റെ പങ്കാളിത്തം സംഘടന നിയന്ത്രിച്ചു. അന്താരാഷ്ട്ര പ്രശസ്തി നേടിയ കലാകാരൻ സ്റ്റീവ് ബൈർണായിരുന്നു പരിപാടിയുടെ അവതാരകൻ. റിപ്പോർട്ട് പ്രകാരം എട്ട് വിധികർത്താക്കൾ ചേർന്നാണ് മത്സരത്തെ വിലയിരുത്തിയത്. ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ വിധികർത്താക്കളിൽ ഒരാളായിരുന്നു. വിശ്വ സുന്ദരി പട്ടത്തിനുള്ള ഇന്ത്യയുടെ പ്രതിനിധി മണിക വിശ്വകർമ ടോപ്പ് 12ൽ പുറത്തായി.