

അമിതവണ്ണം അല്ലെങ്കിൽ ശരീരത്തിലെ അധിക കൊഴുപ്പ് അൽഷിമേഴ്‌സ് രോഗത്തിന് നേരിട്ട് കാരണമാകുമെന്ന് പഠനങ്ങൾ. ഫാറ്റ് ടിഷ്യൂവിൽ (കൊഴുപ്പ് കോശം) നിന്ന് പുറത്തുവരുന്ന എക്സ്ട്രാ സെല്ലുലാർ വെസിക്കിൾസ് (ഇവി) എന്നറിയപ്പെടുന്ന ചെറിയ സൂക്ഷ്മ വാഹകരാണ് ഇതിന് പിന്നിലെന്നാണ് കണ്ടെത്തൽ. തലച്ചോറിലെ അമിലോയിഡ്-ബീറ്റ പ്ലാക്കുകളുടെ രൂപീകരണത്തെ ത്വരിതപ്പെടുത്തുന്ന ദോഷകരമായ സിഗ്നലുകൾ വഹിക്കാൻ ഈ ചെറിയ സന്ദേശവാഹകർക്ക് കഴിയും. ഈ വെസിക്കിളുകൾക്ക് രക്തം-തലച്ചോറ് തടസ്സം പോലും മറികടക്കുന്നതിനാൽ ശരീരത്തിലെ കൊഴുപ്പും തലച്ചോറിൻ്റെ ആരോഗ്യവും തമ്മിലുള്ള അപകടകരമായ ബന്ധമായി ഇവ മാറുന്നു. ( Fat May Cause Alzheimer)
അൽഷിമേഴ്‌സ്ഡി ആൻഡ് മെൻഷ്യ: ദി ജേണൽ ഓഫ് ദി അൽഷിമേഴ്‌സ് അസോസിയേഷനിൽ പ്രസിദ്ധീകരിച്ച ഈ പഠനം, യു.എസ്. ജനസംഖ്യയുടെ ഏകദേശം 40 ശതമാനത്തെ ബാധിക്കുന്ന പൊണ്ണത്തടിയും ഏഴ് ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ന്യൂറോഡീജനറേറ്റീവ് രോഗമായ അൽഷിമേഴ്‌സും തമ്മിലുള്ള ബന്ധമാണ് പരിശോധിക്കുന്നത്. അമിതവണ്ണമുള്ള വ്യക്തികളിൽ നിന്നും അല്ലാത്തവരിൽ നിന്നുമുള്ള ഈ കോശ സന്ദേശവാഹകരുടെ ലിപിഡ് കാർഗോയിൽ (കൊഴുപ്പ് വഹിക്കുന്നവ) വ്യത്യാസമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ഈ വ്യത്യാസമാണ് ലബോറട്ടറി മോഡലുകളിൽ അമിലോയിഡ്-ബീറ്റയുടെ കൂട്ടിച്ചേരലിന്റെ വേഗതയിൽ മാറ്റം വരുത്തിയത്.
ഈ അപകടകാരികളായ ചെറിയ സന്ദേശവാഹകരെ ലക്ഷ്യം വച്ചുകൊണ്ട് അവരുടെ ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്നത് പൊണ്ണത്തടിയുള്ളവരിൽ അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികളിൽ അൽഷിമേഴ്‌സുമായി ബന്ധപ്പെട്ട വിഷ പ്രോട്ടീനുകളുടെ (അമിലോയിഡ്-ബീറ്റ പോലുള്ളവ) രൂപീകരണം മരുന്നുകൾ എങ്ങനെ തടയുമെന്ന് ഭാവിയിലെ ഗവേഷണങ്ങൾ കേന്ദ്രീകരിക്കണമെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു.
Summary: New research from Houston Methodist suggests that obesity may directly fuel Alzheimer's disease via tiny messengers called Extracellular Vesicles (EVs) released by fat tissue.