ധാക്ക: ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതികരണവുമായി രംഗത്ത്. ഇത് 'കപട വിധി' ആണെന്ന് ഹസീന ആരോപിച്ചു. "തിരഞ്ഞെടുക്കപ്പെടാത്ത സർക്കാർ സ്ഥാപിച്ച കപട ട്രൈബ്യൂണലാണ് വിധി പറഞ്ഞത്. ഈ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണ്. അവാമി ലീഗിനെ ഇല്ലാതാക്കാനുള്ള ഇടക്കാല സർക്കാരിൻ്റെ ശ്രമമാണിത്," ഷെയ്ഖ് ഹസീന പറഞ്ഞു.(Fake verdict, politically motivated, Sheikh Hasina's response after death sentence)
കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം തുടങ്ങി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ഹസീന ചെയ്തുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. പ്രക്ഷോഭത്തെ തുടർന്ന് അധികാരം വിട്ട് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണ് കഴിയുന്നത്. ശിക്ഷാവിധിക്ക് പിന്നാലെ ബംഗ്ലാദേശിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ഈ വർഷം ഓഗസ്റ്റ് 3-നാണ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേൽ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികൾക്ക് മേൽ മാരകായുധങ്ങൾ പ്രയോഗിക്കാൻ ഹസീന ഉത്തരവിട്ടു. വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെക്കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു. ഹെലികോപ്റ്റർ ഉപയോഗിച്ച് പ്രതിഷേധക്കാർക്ക് നേരെ ആക്രമണം നടത്താൻ ഷെയ്ഖ് ഹസീന നിർദ്ദേശിച്ചു.
പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാർത്ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോർട്ട് ഡോക്ടർമാരെ ഭീഷണിപ്പെടുത്തി തിരുത്തിച്ചതിന് തെളിവുണ്ട് എന്നും കോടതി കണ്ടെത്തി. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പോലീസ് ഐ.ജി. ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരും കേസുകളിൽ പ്രതികളാണ്. ഹസീന അധികാരമുപേക്ഷിച്ച ശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു. രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.