കാലിഫോർണിയ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കുന്ന നിർണായകമായ ആന്തരിക ഗവേഷണ റിപ്പോർട്ട് ഇവയുടെ മാതൃ കമ്പനിയായ മെറ്റ (Meta) മറച്ചുവെച്ചതായി ആരോപണം. പ്രമുഖ സോഷ്യൽ മീഡിയ കമ്പനികൾ ഉപയോക്താക്കളിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്നും എന്നാൽ പ്ലാറ്റ്‌ഫോമുകൾ ഈ വിവരങ്ങൾ രഹസ്യമാക്കിവെക്കുന്നുവെന്നും ആരോപിച്ചുള്ള ഒരു ക്ലാസ്-ആക്ഷൻ കേസിലാണ് ഈ വെളിപ്പെടുത്തൽ പുറത്തുവന്നത്. യുഎസ് സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ മെറ്റ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ ഫയൽ ചെയ്ത കേസിന്റെ ഭാഗമായി സമർപ്പിച്ച രേഖകളിൽ നിന്നാണ് ഈ നിർണായക വിവരം ഇപ്പോൾ പരസ്യമായത്.(Facebook and Instagram are affecting users' mental health, Allegations of Meta hiding information)
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഡിആക്റ്റിവേറ്റ് ചെയ്യുന്ന ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിലുണ്ടാകുന്ന മാറ്റം വിലയിരുത്തുന്നതിനായി സർവേ സ്ഥാപനമായ നീൽസണുമായി സഹകരിച്ച് 2020-ലാണ് മെറ്റ ഗവേഷണം ആരംഭിച്ചത്. 'പ്രോജക്ട് മെർക്കുറി' (Project Mercury) എന്ന കോഡ് നാമത്തിലായിരുന്നു പഠനം. എന്നാൽ, ഗവേഷണ ഫലങ്ങൾ കമ്പനിക്ക് തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെ മെറ്റ ഈ പഠനം അവസാനിപ്പിച്ചു എന്നാണ് ആരോപണം.
മെറ്റയുടെ ആന്തരിക രേഖകൾ പ്രകാരം, ഒരു ആഴ്‌ചത്തേക്ക് ഫേസ്ബുക്ക് ഉപയോഗിക്കുന്നത് നിർത്തിയ ഉപയോക്താക്കളിൽ വിഷാദം (Depression), ഉത്കണ്ഠ (Anxiety), ഏകാന്തത (Loneliness) തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങൾ കുറഞ്ഞതായി കണ്ടെത്തി. ഈ പോസിറ്റീവ് കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുന്നതിനോ കൂടുതൽ ഗവേഷണം നടത്തുന്നതിനോ പകരം മെറ്റ പഠനം നിർത്തിവയ്ക്കുകയായിരുന്നു. പ്രോജക്ട് മെർക്കുറിയിലെ നിഗമനങ്ങൾ സാധുവാണെന്ന് മെറ്റയുടെ അന്നത്തെ ആഗോള പൊതുനയ മേധാവിയായിരുന്ന നിക്ക് ക്ലെഗിനോട് ചില ജീവനക്കാർ സ്വകാര്യമായി വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
ഈ നെഗറ്റീവ് കണ്ടെത്തലുകൾ വെളിപ്പെടുത്താതിരിക്കുന്നത്, പുകയില വ്യവസായത്തിൽ ഗവേഷണം നടത്തുകയും സിഗരറ്റുകൾ ദോഷകരമാണെന്ന് അറിഞ്ഞിട്ടും ആ വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്യുന്നതിന് തുല്യമാണെന്ന് ഒരു ജീവനക്കാരൻ ആശങ്ക പ്രകടിപ്പിച്ചതായും കേസ് രേഖകളിൽ പറയുന്നു.
മെറ്റ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ കമ്പനികൾ ഇത്തരം നിരവധി ആരോപണങ്ങൾ മുൻപും നേരിട്ടിട്ടുണ്ട്. പ്രധാനമായും കുട്ടികളെയും കൗമാരക്കാരെയും കേന്ദ്രീകരിച്ചുള്ളതാണ് ഈ കേസുകൾ. 13 വയസിന് താഴെയുള്ള കുട്ടികളെ അവരുടെ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം തടയുന്നതിൽ പരാജയപ്പെടുന്നു. സ്‌കൂൾ സമയങ്ങളിൽ കൗമാരക്കാർക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു.
ഉൽപ്പന്നങ്ങളുടെ സുരക്ഷയ്‌ക്കുള്ള പൊതു അംഗീകാരത്തിനായി കുട്ടികളെ കേന്ദ്രീകരിച്ചുള്ള സംഘടനകൾക്ക് പണം നൽകാൻ ശ്രമിച്ചു. ഈ ആരോപണങ്ങൾക്കിടയിൽ, പ്രോജക്ട് മെർക്കുറിയിലെ വിവരങ്ങൾ മറച്ചുവെച്ചതായുള്ള വെളിപ്പെടുത്തൽ സോഷ്യൽ മീഡിയ കമ്പനികളുടെ സുതാര്യതയെക്കുറിച്ചും ഉപയോക്താക്കളുടെ ക്ഷേമത്തോടുള്ള അവരുടെ പ്രതിബദ്ധതയെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിപ്പിക്കുകയാണ്.