
ലഹോർ: പാക്കിസ്ഥാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിൽ സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. കളി കാണാനെത്തിയവർ ചിതറിയോടി. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കൗസർ ക്രിക്കറ്റ് ഗ്രൗണ്ടിൽ മത്സരം നടക്കുന്നതിനിടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തു. സംഭവം ഭീകരാക്രമണമാണെന്ന് പാക്കിസ്ഥാൻ സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം, മേഖലയിൽ പാക്കിസ്ഥാന്റെ സൈനിക നടപടി തുടരുകയാണ്. കഴിഞ്ഞ മാസം പ്രവിശ്യയിൽ ഓപറേഷൻ സർബകാഫ് എന്ന പേരിൽ നടത്തിയ സൈനിക നടപടിയിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
ഇതിനു മറുപടിയായി ഭീകരർ പൊലീസ് വാഹനം ആക്രമിച്ചിരുന്നു. സംഭവത്തിൽ ഒരു പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. ക്രിക്കറ്റ് ഗ്രൗണ്ടിലുണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.