സിന്ധ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.(Explosion at illegal firecracker factory in Pakistan, 4 dead)
ലത്തീഫാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ, ലഘാരി ഗോത്ത് നദിയുടെ തീരത്തുള്ള പടക്ക നിർമ്മാണ ശാലയിലാണ് സംഭവം. സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് വൻ തീപിടിത്തമുണ്ടായതായി പാക് മാധ്യമമായ 'ഡോൺ' റിപ്പോർട്ട് ചെയ്തു.
ലിയാഖത്ത് ആശുപത്രിയിൽ പൊള്ളലേറ്റ നിലയിൽ ആറ് പേരെയാണ് എത്തിച്ചത്. ഇതിൽ രണ്ട് പേർക്ക് ഏതാണ്ട് 100 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡ്യൂട്ടി ഡോക്ടർ മുഹമ്മദ് ഹുസൈൻ അറിയിച്ചു. ആറ് പേരെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരിൽ ഒരാൾ ചികിത്സയ്ക്കിടെ മരിച്ചു.
തിരിച്ചറിയാത്ത രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങളും പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലുള്ള മറ്റൊരു മൃതദേഹവും മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. ലൈസൻസ് ഇല്ലാത്ത ഒരു വീട്ടിലാണ് അനധികൃതമായി പടക്കങ്ങൾ നിർമ്മിച്ചിരുന്നതെന്ന് ലാത്തിഫാബാദ് അസിസ്റ്റൻ്റ് കമ്മീഷണർ സ്ഥിരീകരിച്ചു. നിർമ്മാണശാലയുടെ ഉടമസ്ഥനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഹൈദരാബാദ് സീനിയർ പോലീസ് സൂപ്രണ്ട് അദീൽ ചന്ദിയോ അറിയിച്ചു. സംഭവം നടന്നയുടൻ ആംബുലൻസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.