നീന്താൻ അറിയില്ലേ?.. പേടിക്കണ്ട ഈ ഉപ്പുവെള്ള തടാകത്തിൽ മുങ്ങിപോകില്ല; അറിയാം സിവയിലെ മരുപ്പച്ചക്കളെ കുറിച്ചും, അലക്സാണ്ടർ ചക്രവർത്തി തേടിയെത്തിയ ക്ഷേത്രവും| Siwa Oasis

Siwa Oasis
Published on

എന്തായിരിക്കും മരുഭൂമിയിലെ ഏറ്റവും അപൂർവമായ കാഴ്ച? കനൽചൂടിനും കാറ്റിനും ഇടയിലൂടെ, കണ്ണെത്താ ദൂരത്ത് പരവതാനി വിരിച്ചപോലുള്ള മണലാരണ്യങ്ങളോ? അതോ പച്ചപ്പൊ? മരുഭൂമിയുടെ നടുവിലെ ജലസ്രോതസുകളാണ് ഏറ്റവും അപൂർവ്വും മനോഹരവുമായ കാഴ്ച. മരുഭൂമികള്‍ക്ക് നടുവില്‍ കാണപ്പെടുന്ന ജലാശയങ്ങളാണ് മരുപ്പച്ചകൾ അഥവാ ഒയാസിസ്. ചുട്ടുപൊള്ളുന്ന ചൂടിൽ ആർക്കും ആശ്വാസം ഏകുന്നവയാണ് മരുപ്പച്ചക്കൾ. മരുപ്പച്ചക്കളെ പറ്റി പറയുമ്പോൾ എടുത്ത് പറയേണ്ടി വരും ഈജിപ്തിലെ സിവ ഒയാസിസിനെ (Siwa Oasis) പറ്റി.

ഈജിപ്തിന്റെ പടിഞ്ഞാറൻ മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മരുപ്പച്ചയും പട്ടണവുമാണ് സിവ ഒയാസിസ്. ഈജിപ്തിലെ അഞ്ചു പ്രധാന പടിഞ്ഞാറൻ മരുപ്പച്ചകളിൽ ഏറ്റവും ഒറ്റപ്പെട്ടതും ദൂരത്തിലുള്ളതുമാണ് ഇത്. 80 കിലോമീറ്റർ നീളവും 20 കിലോമീറ്റർ വീതിയുമുള്ള ഈ മരുപ്പച്ചയിൽ 100 ​​ഒസാസിസുകൾ ഉൾപ്പെടുന്നു. ഖത്തറ ഡിപ്രെഷനും ഗ്രേറ്റ് സാൻഡ് കടലിനും ഇടയിൽ കെയ്റോയിൽ നിന്ന് 560 കിലോമീറ്റർ അകലെയാണ് സിവ ഒയാസിസ്‌ സ്ഥിതിചെയ്യുന്നത്. ചുറ്റും മരുഭൂമി, ഉള്ളിൽ നൂറുകണക്കിന് ജലസ്രോതസ്സുകൾ. സ്വയംപോഷിപ്പിക്കുന്ന ഒരു അത്ഭുത ദ്വീപ്, അതാണ് സിവ.

സിവയിൽ കാണപ്പെടുന്ന നൂറോളം വരും മരുപ്പച്ചകളും ഉപ്പുവെള്ള തടാകങ്ങളാണ്. ഉപ്പു വെള്ളം എന്ന് പറയുമ്പോൾ കടലു പോലെയല്ല, ചാവുകടലു പോലെ. അതെ, ചാവുകടലു പോലെ സിവയിലും ആരും പൊങ്ങി തന്നെ കിടക്കും. നീന്താൻ അറിയില്ല? എന്നാൽ തടാകത്തിൽ ഇറങ്ങണം. അങ്ങനെയെങ്കിൽ സിവയിലേക്ക് പോകാം. ഉപ്പുവെള്ള തടാകം ആയതു കൊണ്ട് തന്നെ എത്ര ഭാരമുള്ള വസ്തുവായാലും സിവയിൽ പൊങ്ങി തന്നെ കിടക്കും. 95 % ലധികവും ലവണാംശം ഉള്ള തടാകങ്ങൾ ആണ് ഇവിടുത്തേത്, കടലിനേക്കാൾ സിവയിലെ തടക്കങ്ങളുടെ ലവണാംശം വളരെ കൂടുതലാണ്. അതിനാൽ തന്നെ മുങ്ങി പോകില്ല. സിവയിലെ മരുപ്പച്ചകളുടെ ഈ സാധ്യത മനസ്സിലാക്കി കൊണ്ട് ഒട്ടനവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് പ്രതിവർഷം എത്തുന്നത്.

മരുപ്പച്ചകൾ മാത്രമല്ല ഇവിടുത്തെ പ്രതേകതകൾ, മരുപ്പച്ചകളോട് ചേർന്ന് തന്നെ അതിമനോഹരമായ പട്ടണവും സഞ്ചാരികളെ കാത്തിരിക്കുന്നു. സിവൻ ജനതയ്ക്ക് അവരുടേതായ സംസ്കാരവും ആചാരങ്ങളുമുണ്ട്, അറബി സംസാരിക്കുന്നതിനൊപ്പം ബെർബർ (അമാസിഗ്) ഭാഷയും അവർ സംസാരിക്കുന്നു. 80 കിലോമീറ്റർ നീളവും 20 കിലോമീറ്റർ വീതിയുമുള്ള ഈ മരുപ്പച്ചയിൽ 2016 ലെ ജനസംഖ്യ ഏകദേശം 33,000 ആയിരുന്നു. കെർഷെഫ്" (ഉപ്പും ചെളിയും ചേർന്ന മിശ്രിതം) കൊണ്ട് നിർമ്മിച്ച അവരുടെ വീടുകൾ, കാലം വരച്ച കലാസൃഷ്ടികൾ പോലെ സ്വർണ്ണ മണലുമായി ഇണങ്ങിച്ചേരുന്നു. അവരുടെ ഭാഷ, ആചാരങ്ങൾ, വസ്ത്രങ്ങൾ എന്നിവ നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നു കാലം ഇവിടെ നിലച്ചത് പോലെ.

സിവ ഒയാസിസിന്റെ ചരിത്രത്തെ പറ്റി പറയുമ്പോൾ അവിവർത്തനീയമായ ഒരു ഭാഗമാണ് അമ്മോൺ ദൈവത്തിന്റെ ഓറാക്കിൾ ക്ഷേത്രം (Oracle of Amun). പുരാതന ഈജിപ്ഷ്യൻ ദൈവമായ അമ്മോൺ സൃഷ്ടാവായും രാജാക്കന്മാരുടെ രക്ഷാകർത്താവായും ആരാധിക്കപ്പെട്ടിരുന്നു. അലക്സാണ്ടർ ചക്രവർത്തി ഈ ക്ഷേത്രം തേടി വന്ന കഥയും എവിടെ പ്രചാരണത്തിലുണ്ട്. ക്രിസ്റ്റുവിന് മുമ്പ് നാലാം നൂറ്റാണ്ടിലായിരുന്നു ആ സന്ദർശനം. അന്നത്തെ ലോകത്തിലെ ഏറ്റവും ശക്തനായ സാമ്രാജ്യാധിപൻ അലക്സാണ്ടർ അമ്മോൺ ദൈവത്തിൻറെ ദൈവവാക്ക് അറിയാൻ സിവയിലെത്തുകയായിരുന്നു.

ആഴമേറിയ ഭൂഗർഭജലസ്രോതസ്സുകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്കാര പരമ്പര്യങ്ങൾ, പ്രാചീനതയും പ്രകൃതിയുമടങ്ങിയ അസാധാരണമായ സൗന്ദര്യം. നൂറ്റാണ്ടുകൾ പഴക്കമുള്ള ദൈവാലയങ്ങൾ, ഉപ്പുകുളങ്ങൾ, മരുഭൂമിയിലൂടെ നീളുന്ന സഫാരികൾ, ശാന്തമായ അസ്തമയങ്ങൾ, മരുഭൂമിയുടെ മടിത്തട്ടിലെ തന്നെ നിലനിൽക്കുന്ന ഒരു സംസ്‌കാരത്തിന്റെ ആഴങ്ങൾ ഇതെല്ലാം ചേർന്ന സിവ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട ഒരിടം തന്നെയാണ്.

Related Stories

No stories found.
Times Kerala
timeskerala.com