മസ്‌കറ്റ്: ടൂറിസ്റ്റ് വിസയിൽ ഒമാനിലെത്തി, മസ്‌കറ്റ് ഗവർണറേറ്റിലെ അൽ ഖുബ്റയിൽ വൻ ജ്വല്ലറി കവർച്ച നടത്തിയ രണ്ട് യൂറോപ്യൻ പൗരന്മാരെ പോലീസ് സാഹസികമായി പിടികൂടി. 10 ലക്ഷം ഒമാനി റിയാലോളം (ഏകദേശം 23 കോടിയിലധികം രൂപ) വിലവരുന്ന സ്വർണ്ണാഭരണങ്ങളും പണവുമാണ് ഇവർ മോഷ്ടിച്ചത്.(European nationals arrested for robbing jewellery store in Muscat)
മോഷണം ആസൂത്രണം ചെയ്താണ് പ്രതികൾ ഒമാനിൽ എത്തിയത്. ജ്വല്ലറിയോട് ചേർന്നുള്ള മുറി വാടകയ്ക്ക് എടുത്ത ശേഷമാണ് കവർച്ച നടത്തിയത്. പുലർച്ചെ ജ്വല്ലറിയുടെ ഭിത്തി തുരന്നാണ് ഇരുവരും അകത്ത് കടന്ന് സ്വർണവും പണവും കവർന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉടൻ തന്നെ ഇവരെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച സ്വർണം ഒളിപ്പിച്ച് നാട്ടിലേക്ക് കടക്കാനാണ് ടൂറിസ്റ്റ് വിസയിലെത്തിയ മോഷ്ടാക്കൾ പദ്ധതിയിട്ടതെന്ന് പോലീസ് അറിയിച്ചു.
പിടിയിലായ പ്രതികളിൽ നിന്ന് മോഷ്ടിച്ച സ്വർണവും പണവും പൂർണ്ണമായി കണ്ടെത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കവർച്ചയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളെല്ലാം കണ്ടെടുക്കുകയും, മറ്റ് തെളിവുകൾ ശേഖരിക്കുകയും ചെയ്തുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. കവർച്ചാ ശ്രമം നേരത്തെ ആസൂത്രണം ചെയ്തതാണെന്നും, അന്താരാഷ്ട്ര തലത്തിൽ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘവുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.