'എനിക്ക് വീട്ടിലെത്തിയ അനുഭവം, എത്യോപ്യ സിംഹങ്ങളുടെ നാട്': എത്യോപ്യൻ പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി | PM Modi
ആഡിസ് അബാബ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച അവിടുത്തെ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, എത്യോപ്യയുടെ പരമോന്നത ബഹുമതി ഏറ്റുവാങ്ങുകയും ചെയ്തു.(Ethiopia is the land of lions, PM Modi addresses Ethiopian Parliament)
എത്യോപ്യ സിംഹങ്ങളുടെ നാടാണെന്നും തന്റെ മാതൃസംസ്ഥാനമായ ഗുജറാത്തും ഇന്ത്യയിലെ സിംഹങ്ങളുടെ ആവാസകേന്ദ്രമായതിനാൽ തനിക്ക് ഈ സന്ദർശനം സ്വന്തം വീട്ടിലെത്തിയതുപോലെയാണ് അനുഭവപ്പെടുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ വന്ദേമാതരവും എത്യോപ്യയുടെ ദേശീയ ഗാനവും മാതൃരാജ്യത്തെ 'അമ്മ' എന്നാണ് പരാമർശിക്കുന്നത്. പൈതൃകത്തിലും സംസ്കാരത്തിലും അഭിമാനിക്കാനും മാതൃരാജ്യത്തെ സംരക്ഷിക്കാനും ഇത് നമ്മെ പ്രചോദിപ്പിക്കുന്നു.
കോവിഡ് കാലത്ത് 4 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ എത്യോപ്യയ്ക്ക് നൽകാൻ കഴിഞ്ഞത് ഇന്ത്യയുടെ അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ന് എത്യോപ്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരിൽ ഒന്നാണ് ഇന്ത്യൻ കമ്പനികൾ. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി മോദി വിപുലമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയർത്താൻ ഇരുനേതാക്കളും തീരുമാനിച്ചു.എത്യോപ്യയുടെ പരമോന്നത ബഹുമതിയായ 'ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ' പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ ആഗോള രാഷ്ട്രത്തലവനാണ് നരേന്ദ്ര മോദി. 2011-ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ എത്യോപ്യൻ സന്ദർശനമാണിത്.
