

മെക്സിക്കോ സിറ്റി: 2026-ലെ ഫിഫ ലോകകപ്പിന് വേദിയാകുന്ന മെക്സിക്കോയിലെ എസ്റ്റാഡിയോ അക്രോൺ (Estadio Akron human remains) സ്റ്റേഡിയത്തിന് സമീപം 456 ബാഗുകളിലായി മനുഷ്യ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുന്നു. ഗ്വാഡലഹാരയിലെ സാപ്പോപൻ നഗരസഭ പരിധിയിലുള്ള വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഈ രഹസ്യ ശവകുടീരങ്ങൾ കണ്ടെത്തിയത്. 2022 മുതൽ 2025 വരെയുള്ള കാലയളവിൽ നടന്ന വിവിധ തിരച്ചിലുകളിലായാണ് ഇത്രയധികം അവശിഷ്ടങ്ങൾ കണ്ടെടുത്തത്. കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ഇറങ്ങിയ സാധാരണക്കാരുടെ സംഘടനകളാണ് ഈ കണ്ടെത്തലിന് പിന്നിൽ എന്നതാണ് ശ്രദ്ധേയം.
മെക്സിക്കോയിലെ ഏറ്റവും ശക്തമായ കുറ്റവാളി സംഘങ്ങളിൽ ഒന്നായ 'ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ' (Jalisco New Generation Cartel) കേന്ദ്രമാണ് ഈ മേഖല. ലഹരിമരുന്ന് മാഫിയകൾ തമ്മിലുള്ള കുടിപ്പകയും ഏറ്റുമുട്ടലുകളുമാണ് ഇത്രയധികം കൊലപാതകങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൊല്ലപ്പെട്ടവരുടെ ശരീരങ്ങൾ വെട്ടിമുറിച്ച ശേഷം തിരിച്ചറിയാൻ കഴിയാത്ത വിധം ബാഗുകളിൽ നിറച്ച് വിജനമായ സ്ഥലങ്ങളിൽ കുഴിച്ചുമൂടുകയാണ് ഇവരുടെ പതിവ് രീതി. കണ്ടെടുത്ത 456 ബാഗുകളിൽ എത്ര പേരുടെ മൃതദേഹങ്ങൾ ഉണ്ടെന്ന കാര്യത്തിൽ ഫോറൻസിക് വിഭാഗം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ലോകകപ്പിനായി മെക്സിക്കോ ഒരുങ്ങുന്നതിനിടെ സ്റ്റേഡിയത്തിന് തൊട്ടടുത്തായി ഇത്രയും വലിയ കൂട്ടക്കുരുതി വെളിപ്പെട്ടത് ഫിഫയ്ക്കും വലിയ തലവേദനയായിട്ടുണ്ട്. "ഗോസ്റ്റ് ഗെയിംസ്" (Ghost Games) എന്നാണ് സമൂഹമാധ്യമങ്ങളിൽ ഈ സംഭവത്തെ പലരും വിശേഷിപ്പിക്കുന്നത്. മെക്സിക്കോയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഫിഫ നേരിട്ട് ഇടപെടണമെന്നും ആഗോള കായിക മാമാങ്കത്തിന്റെ മറവിൽ ഇത്തരം ക്രൂരതകൾ മൂടിവെക്കാൻ അനുവദിക്കില്ലെന്നും ആക്ടിവിസ്റ്റുകൾ ആവശ്യപ്പെടുന്നു. മെക്സിക്കോയിൽ ഇതുവരെ ഒരു ലക്ഷത്തിലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
The discovery of 456 bags of human remains near the Estadio Akron, a 2026 FIFA World Cup venue in Mexico, has exposed the nation's severe crisis of disappearances and cartel violence. Found across multiple clandestine graves in Zapopan by civilian search collectives between 2022 and late 2025, the remains are linked to organized crime groups like the Jalisco New Generation Cartel. As Mexico prepares to co-host the World Cup, activists are urging FIFA to address these human rights concerns, labeling the situation "ghost games" in light of the thousands still missing.