ഇസ്ലാമാബാദ്: പാകിസ്താനിലെ ഊർജ്ജ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഭരണപരമായ പരിഷ്കാരങ്ങൾക്കുമായി ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB) 73 കോടി ഡോളർ അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കരാറിൽ പാകിസ്താൻ സർക്കാരും എ.ഡി.ബിയും ഒപ്പുവെച്ചു. ഇക്കണോമിക് അഫയേഴ്‌സ് ഡിവിഷൻ സെക്രട്ടറി മുഹമ്മദ് ഹുമൈർ കരീമും എ.ഡി.ബി കൺട്രി ഡയറക്ടർ എമ്മ ഫാനുമാണ് കരാറിൽ ഒപ്പിട്ടത്.(Energy sector development, ADB provides $730 million in financial assistance to Pakistan)
ഈ ധനസഹായം പ്രധാനമായും രണ്ട് വലിയ പദ്ധതികൾക്കായാണ് ഉപയോഗിക്കുക. വൈദ്യുത വിതരണ രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാനാണ് ഇതിൽ വലിയൊരു ഭാഗം ചിലവഴിക്കുന്നത്. വരാനിരിക്കുന്ന ജലവൈദ്യുത പദ്ധതികളിൽ നിന്ന് 2,300 മെഗാവാട്ട് വൈദ്യുതി തടസ്സമില്ലാതെ വിതരണം ചെയ്യാൻ ഈ പദ്ധതി സഹായിക്കും. നിലവിലുള്ള വിതരണ ലൈനുകളിലെ അമിതഭാരം കുറയ്ക്കാനും അടിയന്തര സാഹചര്യങ്ങളിൽ വിതരണ ശൃംഖല തകരാറിലാകാതെ സംരക്ഷിക്കാനും ഇത് ലക്ഷ്യമിടുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള 'ആക്സിലറേറ്റിങ് സ്റ്റേറ്റ്-ഓൺഡ് എന്റർപ്രൈസ് ട്രാൻസ്ഫർമേഷൻ' (SOE) പദ്ധതിക്കായാണ് ബാക്കി തുക നീക്കിവച്ചിരിക്കുന്നത്. 2023-ലെ എസ്.ഒ.ഇ ആക്റ്റ്, പോളിസി എന്നിവ നടപ്പിലാക്കാൻ ഈ ഫണ്ട് ഉപയോഗിക്കും. നാഷണൽ ഹൈവേ അതോറിറ്റിയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും പദ്ധതി പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.