ടെഹ്‌റാൻ: സാമ്പത്തിക തകർച്ചയെത്തുടർന്ന് ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ അതിക്രൂരമായ നിയമനടപടികളുമായി ഭരണകൂടം. പ്രതിഷേധങ്ങളിൽ പങ്കാളികളാകുന്നവരെ 'ദൈവത്തിന്റെ ശത്രുക്കൾ' ആയി പ്രഖ്യാപിക്കുമെന്നും ഇവർക്ക് വധശിക്ഷ നൽകുമെന്നും ഇറാന്റെ അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹേദി ആസാദ് മുന്നറിയിപ്പ് നൽകി.(Enemies of God, Iran warns protesters of death penalty)
ഇറാനിയൻ നിയമത്തിലെ കർക്കശമായ വകുപ്പുകൾ ഉദ്ധരിച്ചാണ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. വകുപ്പ് 186 പ്രകാരം ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരെ സായുധ പോരാട്ടം നടത്തുന്ന സംഘടനകളെ സഹായിക്കുന്നവരെയെല്ലാം കുറ്റക്കാരായി കണക്കാക്കും. നേരിട്ട് ആയുധം ഏന്തിയില്ലെങ്കിലും പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് ഈ വകുപ്പിന് കീഴിൽ വരും.
വകുപ്പ് 190 ചുമത്തപ്പെടുന്നവർക്ക് വധശിക്ഷ, കൈകാലുകൾ വെട്ടിമാറ്റൽ, നാടുകടത്തൽ എന്നിവയാണ് ശിക്ഷയായി കാത്തിരിക്കുന്നത്. പ്രതിഷേധക്കാർക്കെതിരെ അടിയന്തരമായി കുറ്റപത്രം സമർപ്പിക്കാനും വിചാരണ വേഗത്തിലാക്കാനും പ്രോസിക്യൂട്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
2025 ഡിസംബർ 28-നാണ് പ്രതിഷേധം ആരംഭിച്ചത്. ഇറാന്റെ കറൻസിയായ റിയാൽ ഡോളറിനെതിരെ റെക്കോർഡ് തകർച്ച നേരിട്ടതോടെയാണ് വ്യാപാരസമൂഹവും ജനങ്ങളും തെരുവിലിറങ്ങിയത്. സാമ്പത്തിക പ്രശ്നങ്ങളിൽ തുടങ്ങിയ പ്രക്ഷോഭം ഇപ്പോൾ ഭരണമാറ്റം എന്ന ലക്ഷ്യത്തിലേക്ക് മാറിയിരിക്കുന്നു. മുൻ കിരീടാവകാശി റെസ പഹ്‌ലവി പ്രതിഷേധക്കാർക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
2300-ലധികം പേർ തടങ്കലിലാണ്. പ്രതിഷേധം ഏകോപിപ്പിക്കുന്നത് തടയാനായി ടെഹ്‌റാനിൽ ഇന്റർനെറ്റും ഫോൺ ലൈനുകളും പൂർണ്ണമായും വിച്ഛേദിച്ചു. രാജ്യാന്തര മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതിനാൽ രാജ്യത്തിനകത്തെ കൃത്യമായ വിവരങ്ങൾ പുറത്തെത്തുന്നത് തടയപ്പെട്ടിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ചതും സൈനിക നീക്കത്തിന് തയ്യാറാണെന്ന് സൂചിപ്പിച്ചതും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.