വാഷിങ്ടൺ: ഒരു പരസ്യത്തിന്റെ പേരിൽ അമേരിക്കയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായി. അമേരിക്കയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.(Ending all trade talks, Canada hit by Trump's tough stance)
വിദേശ ഉൽപ്പന്നങ്ങൾക്കെതിരായ തീരുവകളെ വിമർശിക്കുന്ന മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗന്റെ പ്രസംഗത്തിലെ ഓഡിയോ ആധാരമാക്കി കാനഡയിലെ ഒന്റാറിയോ പ്രവിശ്യ സർക്കാർ കഴിഞ്ഞയാഴ്ച ഒരു പരസ്യം പുറത്തിറക്കിയിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
1987-ലെ പ്രസംഗത്തിൽ, തീരുവകൾ ഓരോ അമേരിക്കൻ തൊഴിലാളിയെയും ഉപഭോക്താവിനെയും ദോഷകരമായി ബാധിക്കുമെന്നും കടുത്ത വ്യാപാര യുദ്ധങ്ങൾക്ക് കാരണമാകുമെന്നും റീഗൻ പറഞ്ഞിരുന്നു. ഈ ഭാഗമാണ് പരസ്യത്തിൽ ഉപയോഗിച്ചത്.
പ്രസംഗത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ക്ലിപ്പ് ഉപയോഗിക്കാൻ ഒന്റാറിയോ സർക്കാർ അനുവാദം ചോദിച്ചിട്ടില്ലെന്നും റൊണാൾഡ് റീഗൻ ഫൗണ്ടേഷൻ അവകാശപ്പെട്ടു. റീഗൻ ഫൗണ്ടേഷന്റെ പ്രതികരണത്തിന് പിന്നാലെ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തി.
"റൊണാൾഡ് റീഗൻ തീരുവകളെക്കുറിച്ച് സംസാരിക്കുന്നത് കാനഡ വഞ്ചനാപരമായി ഉപയോഗിച്ചുവെന്ന് റൊണാൾഡ് റീഗൻ ഫൗണ്ടേഷൻ അറിയിച്ചിരിക്കുന്നു. അവരുടെ ഗുരുതരമായ പ്രകോപനത്താൽ കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും ഇതോടെ അവസാനിപ്പിക്കുന്നു," ട്രംപ് കുറിച്ചു.
യുഎസ് സുപ്രീം കോടതിയുടേയും മറ്റ് കോടതികളുടേയും തീരുമാനങ്ങളിൽ ഇടപെടാനാണ് പരസ്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.