

വാഷിങ്ടൺ: സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ എക്സ് എ.ഐയുടെ നഷ്ടം 1.46 ബില്യൺ ഡോളറായി (ഏകദേശം 12,200 കോടി രൂപ) ഉയർന്നു. തൊട്ടുമുമ്പത്തെ പാദത്തിലെ ഒരു ബില്യൺ ഡോളർ നഷ്ടത്തേക്കാൾ 46 ശതമാനത്തിന്റെ വർധനവാണിത്.
വൻ നഷ്ടം നേരിടുമ്പോഴും കമ്പനിയുടെ വരുമാനം കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയായി വർധിച്ചു. സെപ്റ്റംബർ പാദത്തിൽ 107 മില്യൺ ഡോളറാണ് (ഏകദേശം 895 കോടി രൂപ) കമ്പനി നേടിയ വരുമാനം. 2025 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കമ്പനി 7.8 ബില്യൺ ഡോളർ (ഏകദേശം 65,000 കോടി രൂപ) ചെലവാക്കി. ഇതിൽ ഭൂരിഭാഗവും ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനും മികച്ച എഐ വിദഗ്ധരെ നിയമിക്കുന്നതിനുമാണ് ഉപയോഗിച്ചത്.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 20 ബില്യൺ ഡോളർ (ഏകദേശം 1.67 ലക്ഷം കോടി രൂപ) പുതിയ നിക്ഷേപം സമാഹരിച്ചതായി കമ്പനി ഈയാഴ്ച പ്രഖ്യാപിച്ചു. എൻവിഡിയ (Nvidia), സിസ്കോ (Cisco) തുടങ്ങിയ വൻകിട കമ്പനികളും ഇതിൽ പങ്കാളികളായി.
എന്തുകൊണ്ടാണ് ഈ നഷ്ടം?
മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺ എഐ (OpenAI), ഗൂഗിൾ എന്നിവയുമായി മത്സരിക്കാൻ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് xAI നടത്തുന്നത്. 'കൊളോസസ്' (Colossus) എന്ന പേരിൽ ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ കമ്പ്യൂട്ടർ ക്ലസ്റ്ററുകൾ നിർമ്മിക്കുന്നതിനും അത്യാധുനികമായ H100 GPU ചിപ്പുകൾ വാങ്ങുന്നതിനുമാണ് കമ്പനി വൻ തുക മുടക്കുന്നത്. ഗ്രോക്ക് 5 (Grok 5) എന്ന പുതിയ എഐ മോഡലിന്റെ പരിശീലനം നിലവിൽ നടന്നുവരികയാണ്.