

ലൊസാഞ്ചലസ്: കാനഡയിലെ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ മലയാളി യുവാവ് മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. സർക്കാർ ചികിത്സാകാര്യങ്ങൾ നോക്കുമ്പോൾ അമേരിക്കയിലെ മോട്ടർ വാഹന വകുപ്പിന്റെ അവസ്ഥ വരുമെന്നും അത് പരിതാപകരമാണെന്നും മസ്ക് പരിഹസിച്ചു. കാര്യക്ഷമതയില്ലാത്ത സർക്കാർ സംവിധാനങ്ങളെ മസ്ക് എപ്പോഴും താരതമ്യം ചെയ്യുന്നത് യുഎസിലെ മോട്ടർ വാഹന വകുപ്പിനോടാണ്.(Elon Musk responds to the death of a Malayali youth due to medical negligence in Canada)
കനേഡിയൻ പൗരനായ മലയാളി പ്രശാന്ത് ശ്രീകുമാർ കഴിഞ്ഞ 22-നാണ് എഡ്മന്റണിലെ ഗ്രേ നൺസ് ഹോസ്പിറ്റലിൽ വച്ച് മരിച്ചത്. നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ പ്രശാന്തിന് എട്ട് മണിക്കൂറോളം ചികിത്സയ്ക്കായി കാത്തുനിൽക്കേണ്ടി വന്നു. ഒടുവിൽ നില വഷളാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.
പ്രശാന്തിന് അടിയന്തര ചികിത്സ നൽകണമെന്ന് ഭാര്യ നീഹാരിക ആവശ്യപ്പെട്ടപ്പോൾ, അവർ മര്യാദയില്ലാതെ പെരുമാറുന്നു എന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ ആരോപണം. മനുഷ്യത്വപരമായ പരിഗണന ലഭിക്കാതെ മരണം സംഭവിച്ചതിനെതിരെ കാനഡയിലെ ആരോഗ്യ സംരക്ഷണ മേഖലയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.