
അലാസ്ക : യുഎസ്സിന്റെ ദ്വീപ് പട്ടണമായ സാൻഡ് പോയിന്റിൽ ഭൂചലനമുണ്ടായി(Earthquake). റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് യുഎസ്സിന്റെ തെക്കൻ മേഖലയിലും അലാസ്ക പെനിൻസുലയിലും സുനാമി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:37 നാണ് ഭൂകമ്പം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ദ്വീപ് പട്ടണമായ സാൻഡ് പോയിന്റിന് ഏകദേശം 54 മൈൽ തെക്ക് 20.1 കിലോമീറ്റർ ആഴത്തിലാണ്.
സുനാമി മുന്നറിയിപ്പിനെ തുടർന്ന് ഉയർന്ന സ്ഥലത്തേക്കോ ഉൾനാട്ടിലേക്കോ മാറാൻ നിർദേശംനല്കിയിട്ടുണ്ട്. യുഎസ്സിന്റെ തെക്കൻ മേഖലയിൽ നിന്നും ജനങ്ങളൊഴിഞ്ഞു തുടങ്ങിയതായാണ് വിവരം. അപകടമുന്നറിയിപ്പായി പ്രദേശത്ത് സൈറണുകൾ മുഴങ്ങുകയും ചെയ്തു. അതേസമയം സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം, അലാസ്കയുടെ പല ഭാഗങ്ങളിലും വെള്ളം കുറന്നതായാണ് വിവരം.