മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നോവ്ഗൊറോഡ് മേഖലയിലുള്ള വാൽദായ് വസതി ലക്ഷ്യമിട്ട് യുക്രൈൻ നടത്തിയെന്ന് പറയപ്പെടുന്ന ഡ്രോൺ ആക്രമണത്തിന്റെ തെളിവുകൾ റഷ്യ പുറത്തുവിട്ടു. മഞ്ഞുപുതഞ്ഞ വനപ്രദേശത്ത് തകർന്നുകിടക്കുന്ന ഡ്രോൺ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളാണ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്.(Drone attack on Putin's residence, Russia with evidence)
ഈ ആക്രമണം കൃത്യമായ ആസൂത്രണത്തോടെയും ഘട്ടംഘട്ടമായും നടത്തിയതാണെന്ന് റഷ്യൻ മേജർ ജനറൽ അലക്സാണ്ടർ റൊമാനൻകോവ് പറഞ്ഞു. പിടിച്ചെടുത്തത് യുക്രൈൻ നിർമ്മിത 'ചക്ലുൻ-വി' ഡ്രോണാണെന്നും ഇതിൽ ആറ് കിലോഗ്രാം സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നുവെന്നും റഷ്യ അവകാശപ്പെടുന്നു. എന്നാൽ ഇവ പൊട്ടിത്തെറിച്ചിട്ടില്ല.
ആകെ 91 ദീർഘദൂര ഡ്രോണുകൾ യുക്രൈൻ അയച്ചുവെന്നും അവയെല്ലാം റഷ്യൻ വ്യോമപ്രതിരോധ സംവിധാനം തകർത്തുവെന്നുമാണ് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കിയത്. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു.
സമാധാന ചർച്ചകളെ അട്ടിമറിക്കാനും യുക്രൈന് മേൽ കൂടുതൽ ശക്തമായ ആക്രമണങ്ങൾ നടത്താൻ ന്യായീകരണം കണ്ടെത്താനുമുള്ള റഷ്യയുടെ 'നാടകമാണ്' ഇതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ പുറത്തുവിട്ട ദൃശ്യങ്ങൾ ചിരിക്കാൻ വകനൽകുന്നതാണെന്നും, വസതിയെ ലക്ഷ്യം വച്ചു എന്നതിന് യാതൊരു തെളിവുമില്ലെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പുടിൻ തന്നോട് ഇക്കാര്യം സംസാരിച്ചുവെന്നും യുക്രൈൻ ഇത്തരമൊരു നീക്കം നടത്തിയത് സമാധാന ചർച്ചകളെ ബാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.