അങ്കാറ: തുർക്കിയിൽ നടന്ന അഫ്ഗാനിസ്ഥാൻ–പാകിസ്ഥാൻ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചർച്ചകൾക്കിടെ, ഒരു വിദേശ രാജ്യവുമായുള്ള രഹസ്യ കരാറിന്റെ അടിസ്ഥാനത്തിലാണ് അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണം തുടരുന്നതെന്ന് പാകിസ്ഥാൻ വെളിപ്പെടുത്തി.(Drone attack is based on secret agreement, Pakistan on Afghan attack)
അഫ്ഗാനിസ്ഥാന്റെ മണ്ണിൽ നടക്കുന്ന ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിൽ തങ്ങളുടെ പ്രതിനിധി സംഘം നിസ്സഹായത പ്രകടിപ്പിച്ചതായി പാകിസ്ഥാൻ അറിയിച്ചു. തെഹ്രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി അഫ്ഗാൻ മണ്ണിൽ പ്രത്യാക്രമണം നടത്താൻ പാകിസ്ഥാന് അവകാശമുണ്ടെന്ന് അഫ്ഗാൻ സംഘം അംഗീകരിക്കണമെന്നും പാകിസ്ഥാൻ ചർച്ചയിൽ ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്താംബുളിൽ നടന്നുവന്ന ഉന്നതതല ചർച്ചകൾ ഇതോടെ തീരുമാനമാകാതെ പിരിഞ്ഞു.
ഈ നയതന്ത്ര നീക്കങ്ങൾക്കിടെ, പാകിസ്ഥാൻ തങ്ങളുടെ പ്രതിരോധ സഖ്യങ്ങൾ ശക്തമാക്കുന്നതിന്റെ സൂചനകളും പുറത്തുവന്നു. പാകിസ്ഥാനെതിരെയോ സൗദി അറേബ്യയ്‌ക്കെതിരെയോ ഉണ്ടാകുന്ന ഏത് ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കി സംയുക്ത പ്രതിരോധം തീർക്കാൻ വ്യവസ്ഥ ചെയ്യുന്ന തന്ത്രപരമായ പ്രതിരോധ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാമനും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും റിയാദിൽ വെച്ച് സെപ്റ്റംബർ 17-നാണ് ഈ കരാറിൽ ഒപ്പുവെച്ചത്.
സമീപ മാസങ്ങളിൽ യുഎസുമായും പാകിസ്ഥാൻ തന്ത്രപരമായ സഖ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളത്തിന്റെ അധികാരം തിരിച്ചുപിടിക്കാൻ ആലോചിക്കുന്നതായി സെപ്റ്റംബറിൽ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ താവളം താലിബാന് വിട്ടുകൊടുത്ത ശേഷമാണ് യു.എസ്. സൈന്യം 2021-ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയത്.