കാലിഫോർണിയ: നാസയുടെ ക്രൂ-11 ദൗത്യസംഘം സഞ്ചരിച്ച സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ എൻഡവർ പേടകം ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 2:14-ഓടെ കാലിഫോർണിയ തീരത്ത് പതിച്ചു. പത്ത് മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിലാണ് പേടകം ഭൂമിയിലെത്തിയത്.(Dragon Endeavour spacecraft lands on Earth with Crew-11)
2026 ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന സംഘം, ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നം കാരണമാണ് നേരത്തെ മടങ്ങിയത്. ഐഎസ്എസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി.
165 ദിവസങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശേഷമാണ് മടക്കം. 2025 ഓഗസ്റ്റ് ഒന്നിനായിരുന്നു ഇവരുടെ യാത്ര തുടങ്ങിയത്. സെന കാർഡ്മാൻ, മൈക്ക് ഫിൻകെ (നാസ), കിമിയ യുയി (ജാക്സ - ജപ്പാൻ), ഒലെഗ് പ്ലാറ്റനോവ് (റോസ്‌കോസ്‌മോസ് - റഷ്യ) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കടലിലിറങ്ങിയ പേടകത്തെ സ്പേസ് എക്‌സിന്റെ പ്രത്യേക ബോട്ടുപയോഗിച്ച് വീണ്ടെടുക്കും. യാത്രികരെ ഉടൻ തന്നെ വിദഗ്ധമായ വൈദ്യപരിശോധനകൾക്ക് വിധേയരാക്കും. ദൗത്യത്തെക്കുറിച്ചും യാത്രികരുടെ ആരോഗ്യനിലയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ നൽകാനായി നാസ അഡ്മിനിസ്‌ട്രേറ്റർ ജാറെഡ് ഐസക്മാൻ ഇന്ന് വൈകുന്നേരം 4:15-ന് വാർത്താസമ്മേളനം നടത്തും.