ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രധാന റെയിൽവേ ലൈനുകൾ ലക്ഷ്യമിട്ട് നടന്ന ഇരട്ട ബോംബ് സ്‌ഫോടനങ്ങളിൽ റെയിൽ ഗതാഗതം താറുമാറായി. മുഷ്‌കാഫ്, ദാഷ്ത് എന്നീ പ്രദേശങ്ങളിലായിരുന്നു സ്‌ഫോടനങ്ങൾ നടന്നത്. നൂറുകണക്കിന് യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ജാഫർ എക്‌സ്പ്രസ്, ബോളൻ മെയിൽ എന്നീ ട്രെയിനുകൾ വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.(Double explosions on railway lines in Pakistan)
മുഷ്‌കാഫ്: ആദ്യ സ്ഫോടനത്തിൽ മുഷ്‌കാഫിൽ ഏകദേശം മൂന്ന് അടിയോളം റെയിൽവേ ട്രാക്ക് തകർന്നു. പെഷാവറിലേക്കുള്ള ജാഫർ എക്‌സ്പ്രസിനെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. ദാഷ്തിൽ കറാച്ചിയിലേക്കുള്ള ബോളൻ മെയിൽ കടന്നുപോകേണ്ട പാതയിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. ഇത് പ്രധാന ലൈനിൽ വലിയ നാശനഷ്ടങ്ങൾ വരുത്തി.
സ്ഫോടനങ്ങളെത്തുടർന്ന് ക്വെറ്റയിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കൂ എന്ന് ക്വെറ്റ എസ്എസ്പി ഷാഹിദ് നവാസ് അറിയിച്ചു. ബലൂച്ച് വിഘടനവാദ ഗ്രൂപ്പായ ബലൂച്ച് ലിബറേഷൻ ആർമി (BLA) ആണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഇവർ മുൻപും ജാഫർ എക്‌സ്പ്രസിന് നേരെ മാരകമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
ഈ വർഷം മാർച്ചിൽ ജാഫർ എക്‌സ്പ്രസ് തട്ടിക്കൊണ്ടുപോയി 400-ഓളം യാത്രക്കാരെ ഇവർ ബന്ദികളാക്കിയിരുന്നു. അന്ന് സൈനികരടക്കം 60-ഓളം പേർ കൊല്ലപ്പെട്ട സംഭവം വലിയ വാർത്തയായിരുന്നു. പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' നടപടികൾക്ക് പിന്നാലെ ബലൂച്ച് ആർമി പാക് സൈനിക കേന്ദ്രങ്ങൾക്കും നേരെ ആക്രമണം കടുപ്പിച്ചിരുന്നു.
ലഷ്‌കറെ തോയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകൾക്ക് പാകിസ്താൻ അഭയം നൽകുന്നതിനെ ബലൂച്ച് ആർമി ശക്തമായി എതിർക്കുന്നു. ഭീകരവാദികൾക്ക് അഫ്ഗാനിസ്താൻ സഹായം നൽകുന്നുവെന്ന് പാകിസ്താൻ ആരോപിക്കുമ്പോൾ, പാക്-അഫ്ഗാൻ ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യം ബലൂചിസ്ഥാനിലെ വിഘടനവാദികൾക്ക് കൂടുതൽ കരുത്ത് പകരുന്നതായാണ് റിപ്പോർട്ടുകൾ.