വാഷിങ്ടൺ: ഇന്ത്യയിൽനിന്നുള്ള അരി ഇറക്കുമതിക്കും കാനഡയിൽനിന്നുള്ള വളം ഇറക്കുമതിക്കും പുതിയ തീരുവ ഏർപ്പെടുത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകൾ കാര്യമായ പുരോഗതിയില്ലാതെ തുടരുന്നതിനിടെയാണ് ഈ നിർണ്ണായക പ്രഖ്യാപനം. അതേസമയം, അമേരിക്കൻ കർഷകർക്ക് ആശ്വാസമായി കോടിക്കണക്കിന് ഡോളറിന്റെ സഹായ പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചു.(Don't push India's rice, Canada's fertilizer to the US, says Trump)
ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി അമേരിക്കൻ ഉത്പാദകരെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കയിലെ ഉത്പാദകരെ സംരക്ഷിക്കാൻ തീരുവകൾ കർശനമായി ഉപയോഗിക്കാനാണ് തന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം ആവർത്തിച്ചു. ഇറക്കുമതി ടാക്സുകളിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് അമേരിക്കൻ കർഷകർക്ക് 12 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
കർഷകരുടെ സാമ്പത്തിക സ്ഥിരത നിലനിർത്താൻ ഈ സഹായം അത്യാവശ്യമാണ്. അമേരിക്കയിലെ കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള തന്റെ തന്ത്രത്തിന്റെ കേന്ദ്രബിന്ദുവാണ് ഈ 'തീരുവ സമ്മർദ്ദം' എന്നും ട്രംപ് വിശദീകരിച്ചു. യോഗത്തിൽ അരി ഇറക്കുമതിയെക്കുറിച്ചുള്ള വിശദമായ ചർച്ചയ്ക്കിടെയാണ് ഇന്ത്യ ഒരു പ്രധാന ഉദാഹരണമായി ഉയർന്നുവന്നത്. ലൂസിയാനയിൽ നിന്നുള്ള ഒരു കർഷകൻ, അരി ഇറക്കുമതി തെക്കൻ പ്രദേശങ്ങളിലെ കർഷകർക്ക് നാശം വിതയ്ക്കുന്നതായി ആരോപിച്ചു. അമേരിക്കയിലെ റീട്ടെയിൽ അരി വിപണിയിൽ മുന്നിലുള്ള ഏറ്റവും വലിയ രണ്ട് ബ്രാൻഡുകളും ഇന്ത്യൻ സ്ഥാപനങ്ങളുടേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ശരി, അതിന്റെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം. അത് പരിഹരിക്കാൻ വളരെ എളുപ്പമാണ്... തീരുവകൾ. രണ്ട് മിനിറ്റിനുള്ളിൽ പ്രശ്നം പരിഹരിക്കാൻ തീരുവകൾക്കാവും. ഇന്ത്യ അവരുടെ അരി യു.എസിലേക്ക് തള്ളിവിടാൻ പാടില്ല," എന്ന് ട്രംപ് മറുപടി നൽകി.
കാനഡയിൽനിന്നുള്ള വളം ഇറക്കുമതിക്ക് തീരുവ ഏർപ്പെടുത്തി പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള സാധ്യതയും ട്രംപ് നിർദ്ദേശിച്ചു. കാനഡയിൽനിന്ന് വലിയ തോതിൽ വളം യു.എസിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നതിനാൽ, അതിന് വളരെ കഠിനമായ തീരുവകൾ ഏർപ്പെടുത്തേണ്ടിവരുമെന്നും, അങ്ങനെയാണ് തദ്ദേശീയ വളർച്ച പ്രോത്സാഹിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.