കാബൂൾ: സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാൻ രംഗത്ത്. കാബൂളിന്റെ ക്ഷമയെ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്ന് അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാന്റെ ക്ഷമ വീണ്ടും പരീക്ഷിക്കപ്പെട്ടാൽ, ശക്തമായ പ്രതികരണമുണ്ടാകുമെന്നും ഹഖാനി മുന്നറിയിപ്പ് നൽകി.(Don't mistake our patience for weakness, Afghanistan issues stern warning to Pakistan)
"സ്വന്തം പ്രദേശം സംരക്ഷിക്കുക എന്നത് നമ്മുടെ മുൻഗണനകളിൽ ഒന്നാണ്. ആരെങ്കിലും ആക്രമണം നടത്തിയാൽ ഞങ്ങൾ തിരിച്ചടിക്കും. നമ്മൾ ലോകത്തിലെ ചക്രവർത്തിമാരോട് യുദ്ധം ചെയ്തിട്ടുണ്ട്. സ്വന്തം പ്രദേശം സംരക്ഷിക്കുന്നത് നമുക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല," ആഭ്യന്തര മന്ത്രി പറഞ്ഞു.
അഫ്ഗാനിസ്ഥാന് ദീർഘദൂര മിസൈലുകളോ ഭാരമേറിയ ആയുധങ്ങളോ ഇല്ലായിരിക്കാം. പക്ഷേ ആക്രമണത്തിനെതിരായ പോരാട്ടത്തിൽ ശക്തമായ ദൃഢനിശ്ചയം ഉണ്ടെന്നും പാകിസ്ഥാനെ പേരെടുത്ത് പറയാതെ ഹഖാനി ഓർമ്മിപ്പിച്ചു. ചില രാജ്യങ്ങൾ അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മറ്റുള്ളവരുടെ പരമാധികാരം ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തുർക്കിയിൽ നടന്ന പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ചർച്ചകൾ തീരുമാനമാകാതെ അവസാനിച്ചിരുന്നു. എന്നാൽ ചർച്ചകൾക്ക് ശേഷം താൽക്കാലികമായ വെടിനിർത്തൽ കരാർ നിലനിർത്താൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. നവംബർ 6-ന് തുടർ യോഗം നടത്താനും തീരുമാനമായിട്ടുണ്ട്.
അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള പാക്-അഫ്ഗാൻ അതിർത്തി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. നൂറുകണക്കിന് ട്രക്കുകളും അഭയാർത്ഥികളും അതിർത്തിയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുകയാണ്.
നയതന്ത്രത്തിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ കാബൂൾ പ്രതിജ്ഞാബദ്ധമാണെന്ന് അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. പരസ്പര ബഹുമാനം, ഇടപെടാതിരിക്കൽ, ഒരു പക്ഷത്തിനും ഭീഷണിയാകാതിരിക്കൽ എന്നിവയിൽ അധിഷ്ഠിതമായ ബന്ധങ്ങളാണ് അഫ്ഗാൻ സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.