കാബൂൾ: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ അടുത്തിടെ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് കാരണം പാകിസ്താന്റെ പിടിവാശിയും യുക്തിരഹിതവുമായ സമീപനമാണെന്ന് അഫ്ഗാനിസ്ഥാൻ ആക്ടിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി. പാകിസ്താന്റെ ആവശ്യങ്ങൾ താലിബാൻ സർക്കാരിനെ സംബന്ധിച്ച് പ്രായോഗികമോ സ്വീകാര്യമോ അല്ലാത്തതുകൊണ്ടാണ് ഇസ്താംബൂളിലെ ചർച്ചകൾ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.(Don't blame others, Afghan Foreign Minister against Pakistan)
പാകിസ്താനിൽ സമാധാനം ഉറപ്പാക്കാനും തെഹ്‌രീകെ താലിബാൻ പാകിസ്താനെതിരെ (ടി.ടി.പി.) നടപടിയെടുക്കാനും പാകിസ്താൻ താലിബാനുമേൽ സമ്മർദ്ദം ചെലുത്തിയതായി മുത്തഖി വെളിപ്പെടുത്തി. "പാകിസ്താനിൽ ഞങ്ങൾ സമാധാനം ഉറപ്പാക്കണമെന്നായിരുന്നു അവരുടെ ആവശ്യം, എന്നാൽ അവരുടെ സേനകൾ ഞങ്ങളുടെ നിയന്ത്രണത്തിലല്ല," മുത്തഖി പറഞ്ഞു.
ടി.ടി.പി. ഭീകരരെ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടതായും, എന്നാൽ ഈ വ്യവസ്ഥ ഒരിക്കലും നടപ്പാകില്ലെന്നും മുത്തഖി കൂട്ടിച്ചേർത്തു. തങ്ങളുടെ രാജ്യത്തിനകത്തുള്ള ആക്രമണങ്ങൾക്ക് ഉത്തരവാദികളായ ടി.ടി.പി. ഭീകരർക്ക് അഫ്ഗാൻ താലിബാൻ അഭയം നൽകുന്നുവെന്ന പാകിസ്താന്റെ ആരോപണം മുത്തഖി തള്ളി.
"കഴിഞ്ഞ 25 വർഷമായി ടി.ടി.പി. പാകിസ്താനിൽ സജീവമാണ്. അവരുടെ സാന്നിധ്യം ഞങ്ങൾക്ക് മുൻപേയുള്ളതാണ്. പാകിസ്താൻ സ്വന്തം അതിർത്തികൾ സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടു, അതിന്റെ കുറ്റം മറ്റുള്ളവരുടെ മേൽ ചാരരുത്." അഫ്ഗാൻ അതിർത്തിക്കുള്ളിലേക്ക് പാകിസ്താൻ അനുവദിക്കുന്ന വ്യോമാക്രമണങ്ങളും ഡ്രോൺ പറക്കലുകളും ഉടനടി നിർത്തണമെന്നും മുത്തഖി ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാൻ എല്ലാ അയൽക്കാരുമായും പരസ്പര ബഹുമാനത്തോടെയുള്ള സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.
അഫ്ഗാനിസ്ഥാനിൽ ടി.ടി.പി. ഭീകര സാന്നിധ്യം താലിബാൻ ആവർത്തിച്ച് നിഷേധിക്കുമ്പോഴും, സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം, ഈ ഗ്രൂപ്പിലെ ഏകദേശം 6,000 അംഗങ്ങൾ അഫ്ഗാൻ പ്രവിശ്യകളിലുടനീളം സജീവമായി പ്രവർത്തിക്കുന്നുണ്ട്.