

വാഷിംഗ്ടൺ: ആർട്ടിക് ദ്വീപായ ഗ്രീൻലാൻഡിനെ (Greenland) അമേരിക്കയുടെ ഭാഗമാക്കാനുള്ള വിവാദ നീക്കങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട്. ഇതിന്റെ ഭാഗമായി ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയെ ഗ്രീൻലാൻഡിനായുള്ള പ്രത്യേക പ്രതിനിധിയായി ട്രംപ് നിയമിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അത്യന്താപേക്ഷിതമാണെന്നും ലാൻഡ്രി ഈ ദൗത്യത്തിന് നേതൃത്വം നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
ഗ്രീൻലാൻഡിലെ ധാതു സമ്പത്തിനല്ല, മറിച്ച് തന്ത്രപ്രധാനമായ സ്ഥാനത്തിനാണ് മുൻഗണനയെന്ന് ട്രംപ് പറഞ്ഞു. "ഗ്രീൻലാൻഡ് തീരങ്ങളിൽ റഷ്യൻ, ചൈനീസ് കപ്പലുകൾ വ്യാപകമായി കാണപ്പെടുന്നു. ഇത് നമ്മുടെ സുരക്ഷയെ ബാധിക്കും. അതിനാൽ ഗ്രീൻലാൻഡ് ഞങ്ങൾക്ക് വേണം," ഫ്ളോറിഡയിലെ പാം ബീച്ചിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് നിയമനത്തിന് പിന്നാലെ ജെഫ് ലാൻഡ്രി എക്‌സിൽ കുറിച്ചു.
ട്രംപിന്റെ നീക്കത്തിനെതിരെ ഡെന്മാർക്കും ഗ്രീൻലാൻഡും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഗ്രീൻലാൻഡ് ഗ്രീൻലാൻഡ് നിവാസികളുടേതാണെന്നും അത് വിൽക്കാനുള്ളതല്ലെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനും ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസണും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷയുടെ പേരിൽ മറ്റൊരു രാജ്യത്തെ പിടിച്ചെടുക്കാൻ ആർക്കും അവകാശമില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ വിശദീകരണം തേടാൻ ഡെന്മാർക്ക് അമേരിക്കൻ അംബാസഡറെ വിളിച്ചുവരുത്തി.
U.S. President Donald Trump has reaffirmed his ambition to acquire Greenland, citing national security concerns over Russian and Chinese presence in the Arctic. He appointed Louisiana Governor Jeff Landry as a special envoy to lead the efforts to integrate the autonomous Danish territory into the United States. Denmark and Greenland have strongly rejected the move, summoning the U.S. ambassador and asserting that the island is not for sale and belongs solely to its people.