വാഷിംഗ്ടൺ: അമേരിക്കയിൽ കഞ്ചാവുമായി ബന്ധപ്പെട്ട ഫെഡറൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഞ്ചാവിനെ നിലവിലുള്ള 'ഷെഡ്യൂൾ I' വിഭാഗത്തിൽ നിന്ന് കുറഞ്ഞ അപകട സാധ്യതയുള്ള ലഹരി വസ്തുവായി പുനർവർഗീകരിക്കുന്നത് പരിഗണനയിലുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.(Donald Trump Considers Reclassifying Marijuana As Less Dangerous Drug)
ഈ നീക്കം വഴി നിലവിൽ നടത്താൻ സാധിക്കാത്ത നിരവധി ഗവേഷണങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കുമെന്നും, കഞ്ചാവിന്റെ ഔഷധ ഉപയോഗ സാധ്യത വർധിപ്പിക്കാനുമാണ് പുതിയ ആലോചനയെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിലവിൽ ഫെഡറൽ തലത്തിൽ കഞ്ചാവിനെ ഹെറോയിൻ, എൽ.എസ്.ഡി. തുടങ്ങിയ മാരക മയക്കുമരുന്നുകൾക്കൊപ്പം 'ഷെഡ്യൂൾ I' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 'ഷെഡ്യൂൾ I'ൽ ഉൾപ്പെടുന്നത് മാരകമായ ദുരുപയോഗ സാധ്യതയുള്ള ലഹരി വസ്തുക്കളാണ്.
ഈ വിഭാഗത്തിൽ തുടരുന്നതുകൊണ്ട് കഞ്ചാവിന് ഔഷധ ഉപയോഗത്തിന് ഫെഡറൽ തലത്തിൽ അനുമതി നൽകാൻ സാധിക്കില്ല. അതിനാലാണ് പുനർവർഗീകരണത്തെക്കുറിച്ച് ആലോചിക്കുന്നതെന്നും ട്രംപ് വിശദീകരിച്ചു. കഞ്ചാവിനെ 'ഷെഡ്യൂൾ III' വിഭാഗത്തിലേക്ക് മാറ്റുന്നതിനാണ് ട്രംപ് നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്. മെഡിക്കൽ മൂല്യമുള്ളതും കുറഞ്ഞ ദുരുപയോഗ സാധ്യതയുള്ളതുമായ മരുന്നുകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. കെറ്റാമിൻ, അനാബോളിക് സ്റ്റിറോയിഡുകൾ തുടങ്ങിയവയും ഇതേ വിഭാഗത്തിലാണ്. യു.എസിലെ നിരവധി സംസ്ഥാനങ്ങളിൽ കഞ്ചാവ് ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിലവിൽ നിയമവിധേയമാണ്.
യു.എസ്. പ്രസിഡന്റിന് ഒറ്റയ്ക്ക് ഒരു ലഹരി വസ്തുവിനെ പുനർവർഗീകരിക്കാൻ നിയമപരമായി അധികാരമില്ല. എങ്കിലും, ഫെഡറൽ ഏജൻസികളെ ഇതിന് നിർദേശിക്കുന്ന എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്തും പുനർവർഗീകരണ ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും, 2025-ൽ ട്രംപ് അധികാരത്തിലേറിയതോടെ ഇത് പാതിവഴിക്ക് വെച്ച് നിലയ്ക്കുകയായിരുന്നു.