ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പശ്ചിമേഷ്യയിലെ സാഹചര്യം ഇരുവരും വിലയിരുത്തി. ഗസ്സ സമാധാന പദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോദി വീണ്ടും അറിയിച്ചു. ഇരു രാജ്യങ്ങൾക്കിടയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.
ഗാസ സമാധാന പദ്ധതി അടക്കമുള്ള നീക്കങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ നരേന്ദ്ര മോദി അറിയിച്ചു. എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും ചെറുക്കുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാൻ സന്ദർശിക്കാനിരിക്കെയാണ് രണ്ടു നേതാക്കൾക്കുമിടയിലെ ടെലിഫോൺ സംഭാഷണം നടന്നത്. ഇന്ത്യയും -ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്ന കാര്യങ്ങളടക്കം ഇരുവരും സംസാരിച്ചു.
പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിൽ അക്രമാസക്തമായ തീവ്രവാദവും അസ്ഥിരതയും സംബന്ധിച്ച ആഗോള ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് തീവ്രവാദ വിരുദ്ധ സഹകരണത്തിന് ഊന്നൽ നൽകുന്നത്. ഗസ്സയിൽ നീതിയും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.