ഈ നദി ചെകുത്താന്റെ പാത്രമോ? ഭൂമിയുടെ ഉള്ളിലേക്ക് ഊർന്നിറങ്ങുന്ന നദി; ഡെവിൾസ് കെറ്റിൽ വെള്ളച്ചാട്ടത്തിന്റെ നിഗൂഢ യാത്ര | Devil's Kettle Falls

നദി അപ്രത്യക്ഷമാകുന്നിടം, മിന്നസോട്ടയിലെ ഡെവിൾസ് കെറ്റിൽ വെള്ളച്ചാട്ടത്തിന് പിന്നിലെ ദൃശ്യവിസ്മയവും ശാസ്ത്രീയ രഹസ്യവും
Devil’s Kettle Falls
Published on

നമുക്ക് ചുറ്റും വ്യത്യസ്തങ്ങളായ ഒട്ടനവധി വെള്ളച്ചാട്ടങ്ങൾ കാണുവാൻ സാധിക്കും. സൂക്ഷ്മമായി പരിശോധിച്ചാൽ ഓരോന്നിനും പറയുവാൻ കാണും അവരുടേതായ കഥകൾ. മനോഹരമായ കാഴ്ചകളും കുളിർമയേറുന്ന അനുഭവങ്ങളും നൽകുന്ന പ്രകൃതിയുടെ അത്ഭുതങ്ങളാണ് വെള്ളച്ചാട്ടങ്ങൾ. കവിത പോലെ മനോഹരമാണ് പാറക്കെട്ടുകളിൽ തട്ടി ചിതറി, ആകാശത്തേക്ക് നീർക്കണങ്ങൾ വിതറി, ആഴങ്ങളിലേക്ക് പതിക്കുന്ന നദികളുടെ യാത്രകൾ. എന്നാൽ, എല്ലാ വെള്ളച്ചാട്ടങ്ങളും ഈ സാധാരണ പാത പിന്തുടരുന്നില്ല. പാറക്കെട്ടുകളിൽ നിന്ന് നദിയിലേക്ക് പതിക്കുന്നതിന് പകരം ഭൂമിയുടെ ഇരുട്ടിലേക്ക് ഒളിക്കുന്ന വെള്ളച്ചാട്ടങ്ങൾ, പ്രകൃതിയുടെ നിയമങ്ങളെ വെല്ലുവിളിക്കും പോലെ ഒരു തുമ്പും അവശേഷിപ്പിക്കാതെ ഭൂമിയുടെ ഉള്ളിലേക്ക് ഊർന്നിറങ്ങുന്നു ഒരു നദിയുണ്ട്. അമേരിക്കയിലെ മിന്നസോട്ടയിലുള്ള ഡെവിൾസ് കെറ്റിൽ വെള്ളച്ചാട്ടം (Devil's Kettle Falls). ശാസ്ത്രത്തെ പോലും വട്ടംകറക്കിയ വെള്ളച്ചാട്ടം.

മിന്നസോട്ടയിലെ ജഡ്ജ് സി.ആർ. മാഗ്‌നി സ്റ്റേറ്റ് പാർക്കിലെ ബ്രൂൾ നദിയിലെയാണ് പ്രസിദ്ധമായ ഡെവിൾസ് കെറ്റിൽ എന്ന പിശാചിന്റെ വെള്ളംച്ചാട്ടം സ്ഥിതിചെയ്യുന്നത്. എന്തിനാണ് ഒരു വെള്ളച്ചാട്ടത്തിന് ഡെവിൾസ് കെറ്റിൽ എന്ന് പേരിട്ടത് എന്ന സംശയം ആർക്കും തോന്നിയേക്കാം. എന്നാൽ ഈ വെള്ളച്ചാട്ടത്തിന് പിശാചുമായി യാതൊരു ബന്ധവുമില്ല. മാഗ്‌നി സ്റ്റേറ്റ് പാർക്കിലെ ഏറ്റവും മനോഹരമായ കാഴ്ച തന്നെ ഈ വെള്ളച്ചാട്ടമാണ്. 84 കിലോമീറ്റർ നീളത്തിലൊഴുകുന്ന ബ്രൂൾ നദി മാഗ്‌നി സ്റ്റേറ്റ് പാർക്കിലെ ഒരു ഭാഗത്ത് എത്തുമ്പോൾ ഒരു വെള്ളച്ചാട്ടമായി മാറുന്നു. എന്നാൽ പാറക്കെട്ടുകളിൽ തട്ടി നദിജലം രണ്ടു വെള്ളച്ചാട്ടമായി മാറുന്നു. ഒരു വെള്ളച്ചാട്ടം 50 അടി താഴ്ചയിലേക്ക് പതിക്കുന്നു. ഈ വെള്ളച്ചാട്ടം നദിയുമായി ചേർന്ന് ഒഴുകി, സുപ്പീരിയർ തടാകത്തിലേക്ക് നീങ്ങുന്നു. എന്നാൽ, പടിഞ്ഞാറുവശത്തുള്ള വെള്ളച്ചാട്ടം ഒരു പാറക്കെട്ടിന്റെ ഉള്ളിലേക്കാണ് പതിക്കുന്നത്.

ഒരു കുഴിഞ്ഞ പിഞ്ഞാണം പോലെയുള്ള ഒരു പാറക്കെട്ടിലേക്കാണ് വെള്ളച്ചാട്ടം പതിക്കുന്നത്. കെറ്റിൽ പോലെ തോന്നിക്കുന്ന പാറക്കെട്ടാണ് അത്. എന്നാൽ, നദിയിലെ കുതിച്ചെത്തുന്ന ജലം ഈ പാറക്കെട്ടിലേക്ക് ചിതറിവീണ ശേഷം സമ്പൂർണ്ണമായി അപ്രത്യക്ഷമാകുന്നു. പതിറ്റാണ്ടുകളായി, ഈ നദിജലം ഏത് ഭൂഗർഭ തുരങ്കത്തിലൂടെയാണ് പോകുന്നത്, നദിയിൽ നിന്ന് പുറത്തുപോവുകയാണോ, അതോ എവിടെയാണ് ഇതിന്റെ പുനർജ്ജനമെന്നുമുള്ള ചോദ്യങ്ങൾ ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ കുഴപ്പിച്ചു.

ജലം എവിടേക്കാണ് പോകുന്നത് എന്ന് അറിയാൻ പലരും പല പരീക്ഷണങ്ങളും നടത്തിയിരുന്നു. ഈ നിഗൂഢതയുടെ ഭാഗമായി, ഡെവിൾസ് കെറ്റിലിലേക്ക് എറിഞ്ഞ വസ്തുക്കൾ ഒന്നും തന്നെ വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തോ, അടുത്തുള്ള തടാകമായ സുപ്പീരിയറിലോ, മറ്റ് സ്ഥലങ്ങളിലോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പടിഞ്ഞാറുവശത്തുള്ള നിഗൂഢ വെള്ളച്ചാട്ടത്തിലേക്ക് പെയിന്റ് ഒഴിച്ച് നോക്കി, വർണ്ണഗോളങ്ങൾ ഇട്ടുനോക്കി, പിംഗ് പോങ് പന്തുകൾ വലിച്ചെറിഞ്ഞു നോക്കി. എന്തൊക്കെ ചെയ്തിട്ടും ആ വെള്ളം എവിടേക്ക് പോയി എന്ന് മാത്രം കണ്ടെത്തുവാൻ സാധിച്ചില്ല. എന്തിനേറെ പറയുന്നു, ജിപിഎസ് വരെ വെള്ളത്തിലേക്ക് ഇട്ടു നോക്കി. എന്നാൽ പാതി വഴി എത്തിയപ്പോഴേക്കും ജിപിഎസിന്റെ സിഗ്നൽ വിച്ഛേദിക്കപ്പെട്ടു. അങ്ങനെ നിഗൂഢമായി തുടർന്ന വെള്ളച്ചാട്ടത്തിന് പിശാചിന്റെ പത്രം എന്ന് പേര് സ്വന്തമായി.

ആരൊക്കെ എന്തൊക്കെ ചെയ്തിട്ടും ആ നദി ആർക്കും ഉത്തരം നൽകിയില്ല. ഈ പ്രഹേളികയാണ് ഡെവിൾസ് കെറ്റിലിന് "ഭൂമിയുടെ പാതാളത്തിലേക്കുള്ള വാതിൽ" എന്നതു പോലുള്ള അതിശയോക്തിപരമായ പേരുകൾ നൽകാനും, ഭൂമിക്കടിയിൽ വലിയൊരു രഹസ്യ നദീവ്യൂഹം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കാനും കാരണമായി തീർന്നത്. ലാവാ ട്യൂബുകൾ പോലുള്ള ഭൂഗർഭ പാതകളിലൂടെ വെള്ളം പോകാമെന്ന ആശയങ്ങളും ഉയർന്നു, പക്ഷേ യാതൊരു ശാസ്ത്രീയ തെളിവും കൃത്യമായി ഈ അപ്രത്യക്ഷതയെ വിശദീകരിച്ചില്ല.

എന്നാൽ, 2017-ൽ മിന്നസോട്ട ഡിപ്പാർട്ട്‌മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സസിലെ ഹൈഡ്രോളജിസ്റ്റുകൾ ആ നിഗൂഢ ചോദ്യത്തിനുള്ള ഉത്തരം കണ്ടതി. അവർ നദിയിലെ ജലത്തിന്റെ അളവ് വെള്ളച്ചാട്ടത്തിന് മുകളിലും താഴെയും താരതമ്യം ചെയ്തപ്പോൾ, രണ്ട് അളവുകളും തമ്മിൽ കാര്യമായ വ്യത്യാസമില്ലെന്ന് കണ്ടെത്തി. അതായത്, കെറ്റിലിലേക്ക് പോകുന്ന വെള്ളം നദിയിൽ നിന്ന് ഒരിടത്തേക്കും ഒഴുകിപ്പോകുന്നില്ല. പകരം, കട്ടിയേറിയ അഗ്നിപർവ്വത ശിലകളിലെ വിള്ളലുകളിലൂടെ വെള്ളച്ചാട്ടത്തിന് പിന്നിലെ പാറക്കെട്ടിലൂടെത്തന്നെ ഒഴുകി, അടിഭാഗത്ത് ശക്തമായ ചുഴലിയായി നദിയിലേക്ക് തിരിച്ചെത്തുകയാണ് ചെയ്യുന്നത്.

കെറ്റിലിൽ ഇട്ട വസ്തുക്കൾ തിരികെ വരാത്തത് അവ അപ്രത്യക്ഷമായത് കൊണ്ടല്ല, മറിച്ച് പാറകളിൽ തട്ടി വെള്ളം പതിക്കുന്നതിന്റെ ശക്തികൊണ്ടാണ് അവ അപ്രത്യക്ഷമായത്. വെള്ളച്ചാട്ടത്തിന് താഴെയുള്ള ജലപ്രവാഹം (plunge pool turbulence) വളരെ തീവ്രമായതിനാൽ, പിങ് പോങ് ബോളുകൾ പോലുള്ള ഭാരം കുറഞ്ഞ വസ്തുക്കൾ ഉടൻ തന്നെ തകർക്കപ്പെടുകയോ, അല്ലെങ്കിൽ വെള്ളത്തിൽ താഴ്ത്തി നിർത്തപ്പെടുകയോ ചെയ്യും. അങ്ങനെ, ഡെവിൾസ് കെറ്റിൽ ഒരു ഭൂഗർഭ തുരങ്കമല്ല, മറിച്ച് പ്രകൃതിയുടെ ശക്തിയും പാറകളുടെ ഘടനയും ചേർന്ന് കാഴ്ചയിൽ ഒരു മായാജാലം സൃഷ്ടിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ മാത്രമാണെന്ന് ശാസ്ത്രം തെളിയിച്ചു. എങ്കിലും, ഒരു നദി പാറക്കെട്ടിനുള്ളിലേക്ക് മറയുന്ന ഈ വിസ്മയം ലോകത്തിലെ ഏറ്റവും കൗതുകകരമായ പ്രകൃതി പ്രതിഭാസങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്നു.

Summary

Devil’s Kettle Falls in Minnesota is one of the world’s most mysterious natural wonders, where half of the Brule River disappears into a deep pothole and seemingly vanishes without a trace.

Related Stories

No stories found.
Times Kerala
timeskerala.com