

ഇസ്താംബൂൾ: തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ പരാനയിൽ ആഞ്ഞടിച്ച അതിശക്തമായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെടുകയും 750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളിയാഴ്ച രാത്രിയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. രണ്ട് മിനിറ്റിൽ താഴെ മാത്രം നീണ്ടുനിന്ന കാറ്റാണ് വൻ നാശനഷ്ടമുണ്ടാക്കിയത്.റിയോ ബോണിറ്റോ ഡോ ഇഗ്വാസു നഗരത്തിൻ്റെ 90 ശതമാനവും നശിപ്പിക്കപ്പെട്ടു. 14,000 പേർ താമസിക്കുന്ന നഗരമാണിത്.
നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയി. കാറ്റിൻ്റെ ശബ്ദം ഭൂകമ്പത്തിന് സമാനമായിരുന്നുവെന്നും നഗരത്തിൻ്റെ ആകാശ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിൻ്റെ ചില ഭാഗങ്ങൾ പൂർണമായും തകർന്നു.
സംഭവത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഇതിൽ അഞ്ച് പേർ റിയോ ബോണിറ്റോ ഡോ ഇഗ്വാസുവിൽ നിന്നുള്ളവരും ഒരാൾ ഗ്വാരാപുവ എന്ന അടുത്ത നഗരത്തിൽ നിന്നുള്ളയാളുമാണ്.750-ൽ അധികം പേർക്ക് പരിക്കേറ്റു. ഇതിൽ 10 പേരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുകയും ഒൻപത് പേരുടെ നില ഗുരുതരമായി തുടരുകയുമാണ്.ഒരാളെ കാണാതായതായും റിപ്പോർട്ടുണ്ട്. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാം.