സോൾ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരു രാജ്യങ്ങളും കരാറിൽ എത്തിയതായി അറിയിച്ചതിന് തൊട്ടുപിന്നാലെ, യു.എസുമായി ഒപ്പിട്ട പുതിയ വ്യാപാരക്കരാറിന്റെ വിശദാംശങ്ങൾ ദക്ഷിണ കൊറിയ പുറത്തുവിട്ടു. ദക്ഷിണ കൊറിയയുടെ മുഖ്യ നയതന്ത്ര ഉപദേഷ്ടാവ് കിം യോങ്-ബോം ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചത്. എങ്കിലും, ഈ വിശദാംശങ്ങൾ അമേരിക്ക ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.(Details of US-South Korea trade deal out)
1. വാഹന ഇറക്കുമതി തീരുവ കുറയ്ക്കും
ദക്ഷിണ കൊറിയയിൽ നിന്നുള്ള കാറുകൾക്കും വാഹന ഘടകങ്ങൾക്കുമുള്ള അമേരിക്കയുടെ ഇറക്കുമതി തീരുവ 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കും. ഇത്, യു.എസുമായി നേരത്തെ കരാറുണ്ടാക്കിയ ജപ്പാൻ അടക്കമുള്ള മറ്റ് രാജ്യങ്ങൾക്ക് തുല്യമായ തീരുവയാണ്. ഈ മാറ്റം കൊറിയൻ വാഹന വ്യവസായത്തിന് വലിയ ആശ്വാസമാകും.
2. സംയുക്ത നിക്ഷേപം
35,000 കോടി ഡോളറിന്റെ സംയുക്ത നിക്ഷേപം ഇരുരാജ്യങ്ങളും നടത്തും. ഇതിൽ 15,000 കോടി ഡോളർ കപ്പൽ നിർമ്മാണ സഹകരണത്തിനായിരിക്കും. കൊറിയൻ കമ്പനികളുടെ നിക്ഷേപങ്ങളും ഗ്യാരന്റികളും ഇതിൽ ഉൾപ്പെടും. ഇത് കൊറിയൻ കമ്പനികൾക്ക് കൂടുതൽ കപ്പൽ ഓർഡറുകൾ നേടാനുള്ള സാധ്യത വർദ്ധിപ്പിക്കും.
വാണിജ്യപരമായി ലാഭകരമായ പദ്ധതികളിൽ മാത്രമേ നിക്ഷേപം നടത്തൂ എന്ന് കിം യോങ്-ബോം അറിയിച്ചു. ആദ്യ ഘട്ട നിക്ഷേപം പൂർണ്ണമായി തിരികെ ലഭിക്കുന്നതിന് മുൻപ്, പദ്ധതികളിൽ നിന്നുള്ള ലാഭം ഇരു രാജ്യങ്ങളും 50/50 എന്ന അനുപാതത്തിൽ പങ്കിടും.
ദക്ഷിണ കൊറിയ തങ്ങളുടെ വിദേശ ആസ്തികളിൽ നിന്നുള്ള പലിശയും ലാഭവിഹിതവും പോലുള്ള വരുമാനം ഇതിനായി ഉപയോഗിക്കും. രാജ്യത്തിനകത്ത് സർക്കാർ പിന്തുണയുള്ള ബോണ്ടുകൾ വഴി പണം കണ്ടെത്തേണ്ടി വരില്ല. എക്സ്പോർട്ട് ആൻഡ് ഇംപോർട്ട് ബാങ്ക് ഓഫ് കൊറിയ പോലുള്ള സ്ഥാപനങ്ങൾ ചെയ്യുന്നതുപോലെ, രാജ്യത്തിന് പുറത്തുള്ള വിപണികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാനാണ് സാധ്യത. ഈ കരാറിന്റെ ഘടന സെപ്റ്റംബറിൽ ജപ്പാൻ അമേരിക്കയുമായി ഉണ്ടാക്കിയ കരാറിന് സമാനമാണ്.