

കോപ്പൻഹേഗൻ: ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികൾക്ക് പിന്നാലെ, ആർട്ടിക് മേഖലയിലേക്ക് കൂടുതൽ സൈന്യത്തെ അയച്ച് ഡെന്മാർക്ക് (Greenland Dispute). റോയൽ ഡാനിഷ് ആർമി ചീഫ് പീറ്റർ ബോയ്‌സന്റെ നേതൃത്വത്തിലുള്ള വൻ സൈനിക സംഘം തിങ്കളാഴ്ച വൈകിട്ട് ഗ്രീൻലൻഡിലെ കാംഗർലുസുവക്കിൽ ഇറങ്ങി. നിലവിൽ ഗ്രീൻലൻഡിലുള്ള സൈനികർക്ക് പുറമെയാണിത്.
ഗ്രീൻലൻഡിനെ അമേരിക്കയുടെ ഭാഗമാക്കാൻ സൈനിക ശക്തി ഉപയോഗിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് "നോ കമന്റ്സ്" എന്ന് ട്രംപ് മറുപടി നൽകിയതാണ് യൂറോപ്പിനെ പ്രകോപിപ്പിച്ചത്. തനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാത്തതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ താൻ ഇനി 'സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കാൻ ബാധ്യസ്ഥനല്ല' എന്ന് നോർവീജിയൻ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിൽ ട്രംപ് സൂചിപ്പിച്ചതും ആശങ്ക വർധിപ്പിക്കുന്നു.
ഗ്രീൻലൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്നും ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ അത് നാറ്റോ സഖ്യത്തിന്റെ അന്ത്യമാകുമെന്നും ഡെന്മാർക്ക് മുന്നറിയിപ്പ് നൽകി. നാറ്റോ ചാർട്ടറിലെ ആർട്ടിക്കിൾ 5 പ്രകാരം, ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം സഖ്യത്തിന് നേരെയുള്ള ആക്രമണമായാണ് കണക്കാക്കുന്നത്. വിഷയത്തിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ ഡെന്മാർക്ക് പ്രതിരോധ മന്ത്രിയുമായി അടിയന്തര ചർച്ച നടത്തി.
സൈനിക നീക്കത്തിന് പുറമെ ഡെന്മാർക്ക് ഉൾപ്പെടെയുള്ള എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാൻ യൂറോപ്യൻ യൂണിയൻ വ്യാഴാഴ്ച അടിയന്തര യോഗം ചേരും. അമേരിക്കൻ ടെക് കമ്പനികൾക്ക് യൂറോപ്പിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന 'ട്രേഡ് ബസൂക്ക' (Anti-Coercion Instrument) പ്രയോഗിക്കാനാണ് യൂറോപ്യൻ യൂണിയന്റെ നീക്കം. ഗ്രീൻലൻഡിലെ 85 ശതമാനം ജനങ്ങളും അമേരിക്കയുമായി ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും സർവ്വെകൾ വ്യക്തമാക്കുന്നു.
Denmark has deployed a substantial military contingent to Greenland following U.S. President Donald Trump's refusal to rule out military force to seize the mineral-rich Arctic territory. Tensions escalated after Trump hinted he no longer felt bound by "peace" following his Nobel Peace Prize snub. While NATO leaders met to discuss a joint mission to secure the territory, the EU is preparing a "trade bazooka" of retaliatory measures against U.S. tech firms if Trump proceeds with threatened tariffs on Denmark and other allies.