ദുബായിൽ ഡെലിവറി ബൈക്കുകൾക്ക് വേഗമേറിയ ലൈനുകളിൽ വിലക്ക്; നിയമം നവംബർ 1 മുതൽ പ്രാബല്യത്തിൽ, ലംഘിച്ചാൽ 500 ദിർഹം പിഴ

ദുബായിൽ ഡെലിവറി ബൈക്കുകൾക്ക് വേഗമേറിയ ലൈനുകളിൽ വിലക്ക്; നിയമം നവംബർ 1 മുതൽ പ്രാബല്യത്തിൽ, ലംഘിച്ചാൽ 500 ദിർഹം പിഴ
Published on

ദുബായ്: സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് ദുബായിലെ പ്രധാന റോഡുകളിലെ വേഗമേറിയ ലൈനുകളിൽ ഡെലിവറി ബൈക്കുകൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ദുബായ് റോഡ് ഗതാഗത അതോറിറ്റിയും (RTA) ദുബായ് പോലീസും ചേർന്ന് നവംബർ 1 മുതൽ പുതിയ നിയമം നടപ്പിലാക്കും. റൈഡർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വകാര്യ-പൊതുമേഖല പങ്കാളികളുമായി സഹകരിച്ചാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടതെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സി.ഇ.ഒ. ഹുസൈൻ അൽ ബന്ന അറിയിച്ചു.

നിയന്ത്രണങ്ങൾ ഇങ്ങനെ:

പാതയിലെ ലൈനുകളുടെ എണ്ണം അനുസരിച്ച് നിയന്ത്രണങ്ങളിൽ മാറ്റമുണ്ട്.

അഞ്ചോ അതിലധികമോ ലൈനുകളുള്ള റോഡുകൾ: ഇടതുവശത്തെ ഏറ്റവും വേഗമേറിയ രണ്ട് ലൈനുകളിൽ ഡെലിവറി ബൈക്കുകൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

മൂന്നോ നാലോ ലൈനുകളുള്ള റോഡുകൾ: ഇടതുവശത്തെ ഒരു ലൈനിൽ വിലക്ക് ബാധകമായിരിക്കും.

ഒന്നോ രണ്ടോ ലൈനുകൾ: ഈ പാതകളിൽ നിയന്ത്രണങ്ങൾ ബാധകമല്ല.

കനത്ത പിഴയും പെർമിറ്റ് റദ്ദാക്കലും

നിയമം ലംഘിക്കുന്നവർക്ക് ദുബായ് പോലീസ് കനത്ത പിഴ ചുമത്തും. ദുബായ് പോലീസ് ഓപ്പറേഷൻസ് വകുപ്പ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്രൂയി പിഴവിവരങ്ങൾ വ്യക്തമാക്കി:

നിയമലംഘനം (ആദ്യ തവണ): 500 ദിർഹം പിഴ.

നിയമലംഘനം (രണ്ടാം തവണ): 700 ദിർഹം പിഴ.

നിയമലംഘനം (മൂന്നാം തവണ): ഡെലിവറി പെർമിറ്റ് റദ്ദാക്കും.

വേഗപരിധി ലംഘനം: 100 കി.മീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള റോഡുകളിൽ മണിക്കൂറിൽ 100 കി.മീറ്ററിൽ അധികം വേഗതയിൽ ബൈക്ക് ഓടിച്ചാൽ ആദ്യ അവസരത്തിൽ 200 ദിർഹം, രണ്ടാമത് 300 ദിർഹം, മൂന്നാമത് 400 ദിർഹം എന്നിങ്ങനെ പിഴ ചുമത്തും.

ഡെലിവറി റൈഡർമാരുടെ നിയമലംഘനങ്ങൾ മൂലം ഈ വർഷം 962 റോഡപകടങ്ങൾ ദുബായിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യവും, ഡെലിവറി ബൈക്കുകളുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധനവും പരിഗണിച്ചാണ് അധികൃതർ ഈ തീരുമാനമെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com