കാരക്കാസ്: രാഷ്ട്രീയ അട്ടിമറികളും സൈനിക നീക്കങ്ങളും വെനസ്വേലയെ കലുഷിതമാക്കുന്നു. അമേരിക്കൻ സൈന്യം തടവിലാക്കിയ നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും ന്യൂയോർക്കിലെ മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കി. ഇതിനിടെ വെനസ്വേലയിൽ മഡുറോയുടെ വിശ്വസ്തയായ ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെടുത്തു.(Delcy Rodriguez sworn in as interim president of Venezuela)
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയാണ് 63-കാരനായ മഡുറോയെ അമേരിക്കൻ കോടതിയിൽ ഹാജരാക്കിയത്. താൻ നിരപരാധിയാണെന്നും ഇപ്പോഴും വെനസ്വേലയുടെ നിയമപരമായ പ്രസിഡന്റാണെന്നും അദ്ദേഹം പരിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു.
ഇവരെ മാർച്ച് 17-ന് വീണ്ടും കോടതിയിൽ ഹാജരാക്കും. മഡുറോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കോടതി പരിസരത്ത് തടിച്ചുകൂടി. വെനസ്വേലയിൽ 'കടുവ' എന്നറിയപ്പെടുന്ന ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി അധികാരമേറ്റു. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ മഡുറോയുടെ വലംകൈ ആയിരുന്നു ഇവർ. മഡുറോയുടെ മകൻ ഡെൽസിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കാരക്കാസിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ വെനസ്വേലയിൽ വലിയ ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.