

ടെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ ആരംഭിച്ച ഭരണകൂട വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ സൈന്യം നടത്തിയ നീക്കങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,000 കടന്നതായി റിപ്പോർട്ട് (Iran Unrest). 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ആഭ്യന്തര സംഘർഷമാണിതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ വിലയിരുത്തുന്നു. യു.എസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (HRANA) ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 3,090 പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. ഇതിൽ 2,885 പേരും പ്രക്ഷോഭകാരികളാണ്.
ടെഹ്‌റാൻ, മഷ്ഹാദ്, ഇസ്ഫഹാൻ തുടങ്ങിയ പ്രധാന നഗരങ്ങളിൽ സൈന്യം മെഷീൻ ഗണ്ണുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിട്ടത്. എട്ട് ദിവസമായി തുടരുന്ന ഇന്റർനെറ്റ് വിച്ഛേദനം ശനിയാഴ്ച രാവിലെ ഭാഗികമായി പുനഃസ്ഥാപിച്ചതോടെയാണ് കൂട്ടക്കുരുതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. രാജ്യത്തെ ഇന്റർനെറ്റ് സേവനം സാധാരണ നിലയുടെ 2 ശതമാനം മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. എങ്കിലും, ടെഹ്‌റാൻ നഗരത്തിൽ കഴിഞ്ഞ നാല് ദിവസമായി വലിയ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇറാനിലെ വധശിക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചതിനെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വാഗതം ചെയ്തു. പ്രക്ഷോഭകാരികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കാതെ ഇറാൻ അധികൃതരുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഇറാനിയൻ കറൻസിയുടെ മൂല്യത്തകർച്ചയും കടുത്ത വിലക്കയറ്റവുമാണ് ഡിസംബർ 28-ന് തുടങ്ങിയ പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. പിന്നീട് ഇത് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരെയുള്ള രാഷ്ട്രീയ പ്രക്ഷോഭമായി മാറുകയായിരുന്നു.
കൂട്ടക്കൊലയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഇറാൻ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തടവിലാക്കിയവരെ വിട്ടയക്കണമെന്നും അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിൽ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്.
The death toll in Iran's nationwide anti-government protests has surpassed 3,000, marking the deadliest unrest since the 1979 revolution. Human rights groups reported that security forces used lethal force to quell demonstrations sparked by an economic crisis, with over 18,000 people detained. While internet connectivity saw a marginal rise after an eight-day blackout, the international community, including US President Donald Trump, has condemned the "massacre" and called for an end to the violence against civilians.