കോർഡോബ: മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ എന്ന സ്വകാര്യ കമ്പനിയുടെ ട്രെയിൻ പാളം തെറ്റി എതിർദിശയിൽ വന്ന റെൻഫെ ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആകെ ഞെട്ടലിലാണ് സ്പെയിൻ. അദാമുസ് പട്ടണത്തിന് സമീപം ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.(Death toll in high-speed train collision in Spain rises to 39)
പാളം തെറ്റിയ ഇറിയോ ട്രെയിൻ തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും ആ സമയം എതിർദിശയിൽ വന്ന റെൻഫെ ട്രെയിനിൽ ഇടിക്കുകയുമായിരുന്നു. അപകടസമയത്ത് രണ്ട് ട്രെയിനുകളിലുമായി ഏകദേശം 500-ഓളം യാത്രക്കാരുണ്ടായിരുന്നു.
73 പേർക്ക് പരിക്കേറ്റതിൽ പലരുടെയും നില അതീവ ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ ആശങ്കപ്പെടുന്നു. സൈന്യം, റെഡ് ക്രോസ്, ഫയർ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ വൻ സന്നാഹമാണ് സ്ഥലത്തുള്ളത്. തകർന്ന ബോഗികൾക്കുള്ളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.
ദുരന്തത്തെത്തുടർന്ന് മാഡ്രിഡിനും ദക്ഷിണ സ്പെയിനിനും ഇടയിലുള്ള എല്ലാ അതിവേഗ റെയിൽ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.