കാബൂൾ: കിഴക്കൻ അഫ്‌ഗാനിസ്ഥാനിൽ 6.0 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു. 2500-ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഇടപെടലുമായി ഇന്ത്യ. കാബൂളിലേക്ക് ഇന്ത്യ ദുരിതശ്വാസ സാമഗ്രികൾ അയച്ചു. ഇന്ത്യ അഫ്‌ഘാനൊപ്പമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അഫ്ഗാൻ ഭൂചലനത്തിൽ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
“അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിൽ അതീവ ദുഃഖമുണ്ട്. ഈ ദുരിത സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങളോടൊപ്പമുണ്ട്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ മാനുഷിക സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ഇന്നലെ പ്രാദേശിക സമയം രാത്രി 11:47 ന് പാകിസ്താൻ അതിർത്തിക്ക് സമീപം കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ശക്തിയേറിയ ഭൂകമ്പമുണ്ടായതെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. വൻ നാശനഷ്ടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.