

1957 ഫെബ്രുവരി 25, ന്യൂ ജേഴ്‌സിയിലെ ബെൽമാവർ പട്ടണം. അതൊരു തിങ്കളാഴ്ച ആയിരുന്നു, സമയം ഉച്ചയോട് അടുത്ത് കാണും. ഫ്രാങ്ക് ബാർക്കർ തന്റെ മകളെയും കാത്ത് വീടിന്റെ മുറ്റത്ത് തന്നെ നിൽപ്പുണ്ട്. മകൾ മേരി സുഹൃത്തിന്റെ വീട്ടിൽ കളിക്കാൻ പോയിട്ട് സമയം ഏറെ കഴിഞ്ഞിരുന്നു, നേരം ഏറെ വൈകിയിട്ടും മകൾ മടങ്ങിയിലെത്തിയില്ല. അകെ പരിഭ്രാന്തനായ ഫ്രാങ്കും ഭാര്യയും മകൾ കളിക്കാനായി പോയ, മേരിയുടെ ആ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നു. അവിടെയെത്തിയപ്പോൾ മേരിയെ കണ്ടിട്ടില്ലെന്ന മറുപടിയാണ് മാതാപിതാക്കൾക്ക് ലഭിച്ചത്. മകളും സുഹൃത്ത് മരിയയും മരിയയുടെ നയകുട്ടിയുമാണ് രാവിലെ ഒരുമിച്ച് കളിച്ചു കൊണ്ടിരുന്നത്. കളിക്കുന്നതിനിടയിൽ മേരിയും മരിയയുടെ നയകുട്ടിയെയും കാണാതെപോയി എന്നായിരുന്നു മരിയ ഫ്രാങ്കിനോട് പറഞ്ഞത്. (Death of Mary Jane Barker)
വെറും നാലു വയസ്സ് മാത്രമുള്ള തന്റെ മകൾ ഒറ്റക്ക് എവിടേക്ക് പോയി എന്ന് അറിയാതെ ആ മാതാപിതാക്കൾ അകെ ഭയന്നു. ഓരോ നിമിഷം കഴിയുംതോറും അവരുടെ നെഞ്ചിടിപ്പ് കൂടി കൊണ്ടേയിരുന്നു. അതികം വൈകാതെ വീട്ടുകാർ ഉടൻ തന്നെ പോലീസിൽ പരാതിപ്പെടുന്നു. എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷമായ മേരി എന്ന മേരി ജെയ്ൻ ബാർക്കറിന്റെ (Mary Jane Barker) തിരോധാനം ബെൽമാവറിൽ വലിയ ഞെട്ടലുണ്ടാക്കി. സംഭവം പോലീസിൽ അറിയിച്ചതോടെ ന്യൂ ജേഴ്‌സി കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തിരച്ചിലുകളിലൊന്ന് ആരംഭിച്ചു.
ബെൽമാവറിലെ ഓരോ മുക്കിലും മൂലയിലും നൂറുകണക്കിന് പോലീസുകാരും, സന്നദ്ധപ്രവർത്തകരും, അഗ്നിശമന സേനാംഗങ്ങളും മേരിക്കയി അന്വേഷണം ആരംഭിച്ചു. പ്രഥാമിക അന്വേഷണത്തിൽ മേരിയെയോ അവളുടെ കൂടെയുണ്ടായിരുന്ന നയകുട്ടിയെയോ ആരും കണ്ടിരുന്നില്ല. അതോടെ മേരിയെ തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയം പോലും ഉയർന്നു. അടുത്തുള്ള ഒരു അരുവിക്കരയിലെ ചെളിയിൽ ഒരു പുരുഷന്റെയും കുട്ടിയുടെയും നായയുടെയും കാൽപ്പാടുകൾ കണ്ടെത്തിയതോടെ ഈ സംശയം ബലപ്പെട്ടു. എന്നാൽ, ഇതിനെ ചുറ്റിപറ്റി നടത്തിയ അന്വേഷണത്തിൽ ഒന്നും തന്നെ കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. മേരിയുടെ നാലാം പിറന്നാൾ ദിനമായ ഫെബ്രുവരി 28-ന്, മകളെ തട്ടിക്കൊണ്ട് പോയവരോട് കുട്ടിയെ അടുത്തുള്ള പള്ളിയിൽ ഉപേക്ഷിക്കാനായി മാതാപിതാക്കൾ ടിവിയിലൂടെ കണ്ണീരോടെ അഭ്യർത്ഥിച്ചു. ഇരുനൂറ് പേരുമായി ആരംഭിച്ച അന്വേഷണം ഒടുവിൽ ആയിരം പേരോളം അടങ്ങുന്ന വലിയ സംഘമായി മാറി. അങ്ങനെ അന്വേഷണത്തിനായി വലിയ സംഘം തന്നെ രൂപികരിച്ചു, എന്നാൽ അതൊന്നും കാര്യമായ ഫലം കണ്ടില്ല.
ദിവസങ്ങൾ കടന്നുപോയി, പ്രതീക്ഷകൾ മങ്ങിത്തുടങ്ങി. മാർച്ച് 3 ന്, മേരിയുടെ തിരോധാനത്തിന് ഒരു ആഴ്ച കഴിഞ്ഞ് ആ ഞെട്ടിക്കുന്ന സത്യം പുറത്തുവന്നു. മേരിയുടെ അമ്മാവനും അമ്മായിയും അടുത്തിടെ വാങ്ങിയ, ഇപ്പോഴും പണി പൂർത്തിയാകാത്ത ആളൊഴിഞ്ഞ വീട്, മേരിയുടെ വീട്ടിൽ നിന്നും ഒരൽപം മാറിയാണ് അമ്മായിയുടെ ഈ വീടുള്ളത്. ഈ വീട്ടിലേക്ക് മേരിയുടെ സുഹൃത്ത് മരിയ ആരും കാണാതെ പോകുന്നു. ശേഷം വീടിനുള്ളിലെ ഒരു മുറിയിലെ അലമാര പതുക്കെ തുറക്കുന്നു. അലമാര തുറന്നതും മരിയയുടെ നായക്കുട്ടി അലമാരയുടെ ഉള്ളിൽ നിന്നും അവളുടെ ദേഹത്തേക്ക് ചാടി വീഴുന്നന്നു. എന്നാൽ, അലമാരയിലെ മറ്റൊരു കാഴ്ചയാണ് മരിയയെ ഭയപ്പെടുത്തിയത്. ദിവസങ്ങൾക്ക് മുൻപ് കാണാതെപോയ മേരിയുടെ ശവശരീരം അലമാരക്കുള്ളിൽ. ഒരു നീല കോട്ട് കൊണ്ട് മേരിയുടെ തല ഭാഗികമായി മറച്ചിരിക്കുന്നു. തന്റെ മുന്നിലെ കാഴ്ച കണ്ട് ഉറക്കെ നിലവിളിച്ചു കൊണ്ട് മരിയ ആ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടുന്നു.
വിവരമറിഞ്ഞ പോലീസും സംഭവ സ്ഥലത്ത് എത്തുന്നു. അലമാരയുടെ ഒരു വശത്തായി ചുമരിനോട് ചേർന്ന് ഇരിക്കുന്ന നിലയിൽ മേരി ജെയ്ൻ ബാർക്കറുടെ മൃതദേഹം. ആ കുഞ്ഞിനെ കാണാതെപോയ ദിവസം അവൾ ധരിച്ചിരുന്ന വസ്ത്രം തന്നെയായിരുന്നു ആ ശവശരീരത്തിൽ അന്നും ഉണ്ടായിരുന്നത്. അങ്ങനെ ആയിരത്തിലധികം മനുഷ്യരുടെ പ്രാർത്ഥനയും ശ്രമങ്ങളും വിഫലമാക്കി കൊണ്ട് കുഞ്ഞ് മേരിയുടെ മരണവാർത്ത ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തി. മേരിയുടെ തിരോധാനത്തിനെ തുടർന്ന് പല തവണ പോലീസും സന്നദ്ധപ്രവർത്തകരും ഈ വീട് മാറി മാറി പരിശോധിച്ചിരുന്നു, എന്നാൽ ആരുടെയും കണ്ണ് ആ അലമാരയിൽ മാത്രം പതിഞ്ഞിരുന്നില്ല. പണിക്കാർ വന്ന് പോയപ്പോഴും നായയുടെ കുരയോ കുട്ടിയുടെ കരച്ചിലോ കേട്ടിരുന്നില്ല.
കൊലപാതകമാണെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കേസിൽ വ്യത്യസ്തമായ ഒരു വഴിത്തിരിവ് നൽകി. മേരിയുടെ ശരീരത്തിൽ അക്രമത്തിന്റെയോ ലൈംഗികാതിക്രമത്തിന്റെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മേരിയുടെ മരണം അപകടമരണമാണെന്ന് പ്രഖ്യാപിച്ചു. അലമാരയ്ക്കുള്ളിൽ കുടുങ്ങിയ മേരി, ഭയവും തണുപ്പും മൂലമുണ്ടായ പട്ടിണിയും നിർജ്ജലീകരണവും മൂലമാണ് മരണപ്പെട്ടത്. അലമാരയുടെ വാതിലിലൂടെ രക്ഷപ്പെടാൻ മേരി ശ്രമിച്ചതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു.
അക്കാലത്തെ പല അലമാരകളും അകത്തു നിന്ന് വാതിലുകൾ തുറക്കാൻ കഴിയാത്ത വിധത്തിലായിരുന്നു നിർമ്മിച്ചിരുന്നത്. കളിക്കുന്നതിനിടെ മേരിയും അവളുടെ നായക്കുട്ടിയും അബദ്ധത്തിൽ അലമാരക്ക് ഉള്ളിൽ കയറിയെന്നും, വാതിൽ അടഞ്ഞ് അകപ്പെട്ടുപോവുകയുമായിരുന്നു, ഇതായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മൂന്ന് ദിവസത്തോളം ജീവനോടെ മേരി ആ അലമാരക്കുള്ളിൽ കഴിഞ്ഞു. എന്നാൽ, ഫെബ്രുവരി 28-ന്, അവളുടെ നാലാം പിറന്നാൾ ദിനത്തിൽ, ആ അലമാരക്കുള്ളിൽ വച്ച് ആ കുഞ്ഞ് മരണത്തിന് കീഴടങ്ങി.
മേരി ജെയ്ൻ ബാർക്കറുടെ മരണം ദേശീയ ശ്രദ്ധ നേടി, സമാനമായ ദുരന്തങ്ങൾ തടയാൻ അലമാരയുടെ വാതിലുകൾ അകത്തു നിന്ന് തുറക്കാൻ കഴിയുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തി. മേരിക്കൊപ്പം അലമാരയിൽ അകപ്പെട്ട നായക്കുട്ടി വെള്ളമോ ഭക്ഷണമോ ഇല്ലാതെ ഒരു ആഴ്ച അതിജീവിച്ചു. എന്നാൽ, കുഞ്ഞ് മേരിക്ക് അതിനു കഴിഞ്ഞില്ല. പട്ടിണി കിടന്ന് ആ കുഞ്ഞ് മരണപ്പെട്ടു. ഒരുപക്ഷെ രക്ഷാപ്രവർത്തകരിൽ ആരെങ്കിലും ഒരാൾ ആ അലമാരയുടെ വാതിൽ തുറന്നിരുന്നു എങ്കിൽ ആ കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞനെ.
Summary: In 1957, four-year-old Mary Jane Barker disappeared while playing with her neighbor’s puppy in Bellmawr, New Jersey. After an eight-day search, her body was found inside a closet of a vacant house — alongside the still-living puppy. There were no signs of foul play; she had accidentally become trapped and died of starvation and exposure. The heartbreaking case led to new search protocols for missing children.