ലണ്ടൻ: തിമിംഗലങ്ങളും ഡോൾഫിനുകളും കരയ്ക്കടിയുന്നതിനും കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനും പിന്നിലെ പ്രധാന കാരണം അവയുടെ നിശ്വാസവായുവിലൂടെ പടരുന്ന മാരക വൈറസുകളാണെന്ന് ഗവേഷകർ. ബ്രിട്ടനിലെ കിങ്‌സ് കോളേജ് ലണ്ടൻ, നോർവേയിലെ നോർഡ് സർവ്വകലാശാല എന്നിവടങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.(Deadly virus spread through whale breath, The secret behind the mass deaths of dolphins and whales is out)
തിമിംഗലങ്ങളുടെ നിശ്വാസവായുവിലെ സാമ്പിളുകൾ ഡ്രോണുകൾ ഉപയോഗിച്ച് ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് 'സെറ്റേഷ്യൻ മോർബില്ലിവൈറസ്' എന്ന പാത്തോജനുകളെ തിരിച്ചറിഞ്ഞത്. തിമിംഗലങ്ങൾ ശ്വാസം വിടുമ്പോൾ പുറത്തുവരുന്ന ഈ വൈറസിന് സമുദ്രത്തിലൂടെ വളരെ ദൂരം സഞ്ചരിക്കാനും വിവിധ ഇനം ജീവികളിലേക്ക് പടരാനും സാധിക്കും.
ഒരിക്കൽ വൈറസ് ബാധിച്ചാൽ ഈ ജീവികൾക്ക് മരണം മാത്രമാണ് ഏക വഴി. മനുഷ്യർ ഇടപെട്ട് പരിചരണം നൽകിയാൽ പോലും ഇവയെ പൂർണ്ണമായി രക്ഷിക്കാൻ സാധിക്കില്ല. തിമിംഗലങ്ങളെ സമ്മർദ്ദത്തിലാക്കാതെ തന്നെ, ദൂരെനിന്ന് ഡ്രോണുകൾ പറത്തി അവയുടെ നിശ്വാസവായുവിന്റെ സാമ്പിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്.
കിങ്‌സ് കോളേജ് പ്രൊഫസർ ടെറി ഡോസന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. വടക്കുകിഴക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലാണ് പ്രധാനമായും പഠനം നടന്നത്. 'ബി.എം.സി വെറ്റിനറി റിസർച്ച്' എന്ന ജേണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.