അഡിസ് അബാബ: മാരകമായ മാർബർഗ് വൈറസ് ബാധ എത്യോപ്യയുടെ തെക്കൻ മേഖലയിൽ പൊട്ടിപ്പുറപ്പെട്ടു. രോഗം മനുഷ്യരിൽ സ്ഥിരീകരിച്ചതായി ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അറിയിച്ചു. 88 ശതമാനം വരെ മരണനിരക്കുള്ള ഈ രോഗം അതീവ ജാഗ്രത അർഹിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.(Deadly Marburg virus hits Ethiopia, Mortality rate up to 88%)
എബോളയ്ക്ക് സമാനമായ രീതിയിൽ മാരകമായ പാത്തോജനാണ് മാർബർഗ് വൈറസിനുള്ളത്. ഇതിന്റെ മരണനിരക്ക് 25 ശതമാനം മുതൽ 80 ശതമാനം വരെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് 88 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ പനി, രക്തസ്രാവം, ഛർദ്ദി, വയറിളക്കം എന്നിവയാണ്. എത്യോപ്യയിൽ നിലവിൽ ഒൻപത് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജിങ്ക മേഖലയിലാണ് നിലവിൽ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. വൈറസിൻ്റെ ഇൻകുബേഷൻ സമയം 21 ദിവസമാണ്. ശരീര സ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത്. രോഗത്തിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണ്.
വൈറസിൻ്റെ ഏത് വകഭേദമാണ് കണ്ടെത്തിയതെന്ന് തിരിച്ചറിയാനുള്ള പരിശോധനകൾ നാഷണൽ റെഫറൻസ് ലബോറട്ടറി ഊർജ്ജിതമാക്കിയിട്ടുണ്ട്. കിഴക്കൻ ആഫ്രിക്കയിൽ നേരത്തെ സ്ഥിരീകരിച്ച വൈറസുമായി ഇതിന് സമാനതയുണ്ടെന്നാണ് ലഭ്യമായ വിവരം. മറ്റ് ഭാഗങ്ങളിലേക്ക് വൈറസ് പടരാതിരിക്കാനുള്ള ശ്രമങ്ങൾ അധികൃതർ ശക്തമാക്കി.
മാർബർഗ് വൈറസിന് നിലവിൽ അംഗീകൃതമായ വാക്സിനുകളോ പ്രതിരോധ ചികിത്സാ രീതികളോ ലഭ്യമല്ല എന്നതാണ് ഇതിനെ അതീവ മാരകമാക്കുന്നത്. 2023 ജനുവരിയിൽ പൊട്ടിപ്പുറപ്പെട്ട മാർബർഗ് വൈറസ് മാർച്ച് മാസത്തോടെ നിയന്ത്രിച്ചെങ്കിലും നിരവധി പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. റുവാണ്ട: 2024-ൽ റുവാണ്ടയിൽ റിപ്പോർട്ട് ചെയ്ത ഇതേ വൈറസ് പതിനഞ്ച് പേരുടെ മരണത്തിന് കാരണമായിരുന്നു. നിലവിൽ കണ്ടെത്തിയ വൈറസ് ബാധയെ നേരിടാൻ അതീവ ജാഗ്രതയാണ് എത്യോപ്യൻ അധികൃതർ പുലർത്തുന്നത്.