

വാഷിംഗ്ടൺ: ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കി ക്യൂബയ്ക്കെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. വെനസ്വേലയിൽ നിന്നുള്ള സഹായങ്ങൾ നിലയ്ക്കുമെന്നും അധികം വൈകാതെ അമേരിക്കയുടെ നിബന്ധനകൾക്ക് വഴങ്ങുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയായിരുന്നു ട്രംപിന്റെ ഈ കടുത്ത പരാമർശം.(Cuba's strong response to Trump's ultimatum)
വെനസ്വേലയിൽ നിന്ന് ഇനി എണ്ണയോ സാമ്പത്തിക സഹായമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്ന തന്ത്രമാണ് ട്രംപ് രണ്ടാം വട്ടവും അധികാരത്തിലെത്തിയപ്പോൾ ശക്തമാക്കിയിരിക്കുന്നത്.
ഉടൻ തന്നെ അമേരിക്കയുമായി ഒരു ധാരണയിലെത്താൻ തയ്യാറായില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം കുറിച്ചു. ട്രംപിന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെ ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ തിരിച്ചടിച്ചു.
"ക്യൂബ ഒരു പരമാധികാര രാഷ്ട്രമാണ്. എന്ത് ചെയ്യണമെന്ന് മറ്റൊരു രാജ്യം ഞങ്ങളോട് ആജ്ഞാപിക്കേണ്ടതില്ല. മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി അവസാന തുള്ളി രക്തം വരെ ഒഴുക്കാൻ ക്യൂബൻ ജനത തയ്യാറാണ്." - മിഗ്വേൽ ഡയസ് കാനൽ പ്രഖ്യാപിച്ചു.